ലൈഫ് ഗുണഭോക്തൃസംഗമം 18നും 19നും
പത്തനംതിട്ട എല്ലാ ലൈഫ് ഗുണഭോക്താക്കളുടെ വീടുകളിലും ശൗചാലയം എത്തിക്കുക ലക്ഷ്യമിട്ട് വിപുലമായ പദ്ധതി തയ്യാറാക്കി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. പഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ശൗചാലയത്തിന് പണം ലഭ്യമാകാത്ത നിരവധി ഗുണഭോക്താക്കളുണ്ട്. ഇവരെ ലക്ഷ്യമിട്ട് വിപുലമായ ഗുണഭോക്തൃ സംഗമം നടത്തും. ബ്ലോക്ക് തലത്തിലാകും ശുചിത്വ മിഷന്‍ നേതൃത്വത്തില്‍ സംഗമം. ജില്ലയിലെ എല്ലാവർക്കും അടച്ചുറപ്പുളളതും വൃത്തിയുളളതുമായ ശൗചാലയം ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഗുണഭോക്തൃ സംഗമത്തിലൂടെ വ്യക്തികൾക്ക് സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) (എസ്ബിഎം (ജി)) പദ്ധതിയിലൂടെ ശൗചാലയം നിർമിക്കാനുളള തുക ലഭ്യമാക്കും. ജില്ലയിലെ പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ലൈഫ് ഗുണഭോക്താക്കളാണെങ്കിൽ അവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനകം തുക ലഭ്യമാക്കും. വാർഷിക പദ്ധതിയിൽ ഉൾപ്പെടാത്ത ഗുണഭോക്താക്കൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ പദ്ധതി അതത് തദ്ദേശ സ്ഥാപനങ്ങളെക്കൊണ്ട് ഏറ്റെടുപ്പിക്കാനും നടപടി സ്വീകരിക്കും. ഇലന്തൂർ ബ്ലോക്കിൽ 18 നാണ് സംഗമം. പന്തളം, മല്ലപ്പള്ളി, പറക്കോട്, കോന്നി, റാന്നി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുകളിൽ 19നാണ് പരിപാടി. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ 20നും. അതാത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലാകും സംഗമം. Read on deshabhimani.com