ഓണക്കാല കൊള്ളയടി നടക്കില്ല



പത്തനംതിട്ട ഓണക്കാലത്ത് അളവിൽ തട്ടിപ്പു നടത്തി കൊള്ളലാഭം കൊയ്യാനാവില്ല. അളവിൽ തട്ടിപ്പ്‌ നടത്തുന്ന സ്ഥാപനങ്ങൾക്ക്‌ തടയിട്ട് ലീഗൽ മെട്രോളജി വകുപ്പ്‌.  ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയടക്കം വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന പരിശോധനകളാണ്‌ ലീഗൽ മെട്രോളജി വകുപ്പ്‌ നടത്തുന്നത്‌. വില നിയന്ത്രണത്തിന്‌ കർശന നടപടി സ്വീകരിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്‌. ആഗസ്‌ത്‌ ഒന്ന്‌ മുതൽ 31 വരെ ദിവസവും ഒരു സ്‌ക്വാഡ്‌ പരിശോധനയ്‌ക്കായി രംഗത്തിറങ്ങും. ഇതുപ്രകാരമുള്ള പരിശോധന തുടങ്ങി. സെപ്‌തംബർ ഒന്നുമുതൽ ഓണം വരെ ഒരു ദിവസം രണ്ട്‌ സ്‌ക്വാഡ്‌ പരിശോധനയ്‌ക്ക്‌ ഇറങ്ങാനാണ്‌ നിർദേശം. താലൂക്ക്‌ അടിസ്ഥാനത്തിലാണ്‌ പരിശോധന. ഈ മാസം ഇതുവരെ നടന്ന പരിശോധനയുടെ ഭാഗമായി 21 കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.  പായ്‌ക്കറ്റുകൾക്ക്‌ പുറത്ത്‌ രേഖപ്പെടുത്തേണ്ട കാര്യങ്ങൾ രേഖപ്പെടുത്താത്തതിന്‌ ഈ മാസം പത്ത്‌ കേസ്‌ രജിസ്റ്റർ ചെയ്‌തു. 10 കേസുകളിലായി 40,000 രൂപ പിഴയിനത്തിൽ ഈടാക്കി. അളവുതൂക്ക യന്ത്രങ്ങൾ മുദ്ര വയ്‌ക്കാത്തതിന്‌ 11 കേസും എടുത്തിട്ടുണ്ട്‌. ഇതിൽ 22,000 രൂപയും പിഴ ഈടാക്കി. സൂപ്പർമാർക്കറ്റുകൾ, പലചരക്ക്‌ കടകൾ, പച്ചക്കറി കടകൾ, മത്സ്യ– മാംസ വിൽപ്പന കേന്ദ്രങ്ങൾ, റേഷൻ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കടകളിൽ പരിശോധന നടത്തും. ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്ക്‌ പുറമെ മറ്റ്‌ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്‌.  അളവ്‌ തൂക്ക യന്ത്രങ്ങൾ മുദ്ര വയ്‌ക്കാത്തത്‌, പാക്കറ്റുകൾക്ക്‌ പുറത്ത്‌ രേഖപ്പെടുത്തേണ്ട എംആർപി, നിർമാതാവിന്റെ വിലാസം, നിർമാണ തീയതി, തൂക്കം, ഉൽപ്പന്നത്തിന്റെ പേര്‌ എന്നിവ രേഖപ്പെടുത്താത്തത്‌, പാക്കിങ് രജിസ്ട്രേഷൻ ഇല്ലാത്ത പാക്കറ്റ് സാധനങ്ങൾ വിൽപ്പന നടത്തുക, അമിത വില ഈടാക്കിയുള്ള വിൽപ്പന, അളവിലുള്ള തട്ടിപ്പ്‌ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്‌. തിരുവോണം വരെ കർശന പരിശോധന തുടരും. കൂടാതെ ഫ്ലൈയിങ്‌ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സാധാരണ നടക്കുന്ന പരിശോധനകൾ മുടങ്ങാതെ നടക്കുന്നുണ്ട്‌. അളവിലും തൂക്കത്തിലും ജനങ്ങൾക്ക്‌ പരാതിയുണ്ടെങ്കിൽ ലീഗൽ മെട്രോളജി വകുപ്പിൽ നേരിട്ട്‌ പരാതി നൽകാം. വകുപ്പിന്റെ ‘സുതാര്യം’ ആപ്പ്‌ മുഖേനയും ഫോൺ മുഖേനയും പരാതി നൽകാം.  ടോൾഫ്രീ നമ്പർ: 9188918100, ഫ്ലൈയിങ്‌ സ്‌ക്വാഡ്‌: 9188525703, കോഴഞ്ചേരി താലൂക്ക്‌: 8281698030, അടൂർ താലൂക്ക്‌: 8281698031, തിരുവല്ല താലൂക്ക്‌: 8281698032, റാന്നി താലൂക്ക്‌: 8281698033, മല്ലപ്പള്ളി താലൂക്ക്‌: 8281698034, കോന്നി താലൂക്ക്‌: 9400064083.     Read on deshabhimani.com

Related News