ഹാപ്പിയാണ്‌... കളർഫുള്ളാണ്‌



 കോന്നി ഓണത്തിനൊരുങ്ങി ശാമുവേലിന്റെ കുടുംബം. ഇക്കുറി ഓണം ആഘോഷിക്കാൻ എൽഡിഎഫ്‌ സർക്കാർ ശാമുവേലിന്റെ കൈയിലെത്തിച്ചത് 19,200 രൂപ. കോന്നി എലിയറയ്ക്കൽ ചാമക്കണ്ടത്തിൽ എൺപത്തഞ്ചുകാരൻ ശാമുവേലിനും ഭാര്യ എൺപതുകാരി മേരിക്കുട്ടിയ്ക്കും വാർധക്യകാല പെൻഷൻ, അംഗപരിമിതരായ മകൻ ബിജുവിനും മരുമകൾ ഷൈനിയ്ക്കും വികലാംഗ പെൻഷൻ എന്നിവയടക്കം ഈ വീട്ടിലേക്ക് സർക്കാർ നൽകുന്നത് നാല് ക്ഷേമ പെൻഷനുകൾ. എലിയറയ്ക്കലിൽ മുമ്പ് 16 വർഷത്തോളം ലോഡിങ് തൊഴിലാളിയായിരുന്ന ശാമുവേൽ ആസ്‌ത്‌മയടക്കം നിരവധി രോഗങ്ങളുള്ളയാളാണ്‌. മാസം 1500 ലധികം രൂപ ഇതിനുള്ള മരുന്നിനു മാത്രം വേണ്ടിവരുന്നു. ഇതിനിടെ പക്ഷാഘാതം ബാധിച്ച് ഭാര്യ മേരിക്കുട്ടിയും കിടപ്പിലായി. ശരീരത്തിന്റെ ഒരു വശം തളർന്നു പോയിരുന്നു. ഇവരുടെ ചികിത്സയ്ക്കും തുടർന്നുള്ള മരുന്നുകൾക്കും നല്ലൊരു തുക ആവശ്യമായി വരുന്നു. മകൻ ബിജുവിന് രണ്ട് മക്കൾ. മകൻ പഠനം പൂർത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്നു. മകൾ പ്ലസ്ടുവിന് പഠിക്കുന്നു. ഇവരുടെ പഠനത്തിനും പണം ആവശ്യമായി വരുന്നു. ഈ ആറംഗ കുടുംബത്തിന് തണലായി നിൽക്കുന്നത് സർക്കാർ സഹായം മാത്രമാണ്. ശാമുവേലിനെ കാണാൻ ശനി രാവിലെ 7.30ഓടെ ദേശാഭിമാനി പ്രതിനിധികൾ എത്തുമ്പോൾ പെൻഷനുമായെത്തിയ സഹകരണ സംഘം ജീവനക്കാരൻ ടി രാജേഷ് കുമാറുമെത്തി. അദ്ദേഹത്തെ കണ്ടയുടൻ ശാമുവേലിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. തുടർന്ന് തുകയൊന്നിച്ച് ഇരുവർക്കും കൈമാറി. ബിജുവിന്റെയും ഷൈനിയുടെയും വികലാംഗ പെൻഷനുകളും നൽകി.  ഒരാഴ്ച മുമ്പാണ് ഒരു മാസത്തെ പെൻഷൻ നാല് പേർക്കും നൽകിയത്. പത്ത് ദിവസത്തിനുള്ളിൽ 4,800 രൂപ വീതം 19,200 രൂപ  ഈ കുടുംബത്തിന് വീണ്ടും  കൈയിലെത്തി. ജീവിതം വഴിമുട്ടിയ തങ്ങൾക്ക് സർക്കാർ നൽകുന്ന ക്ഷേമപെൻഷനുകൾ മാത്രമാണ് ഏക ആശ്രയമെന്നും സർക്കാരിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ലെന്നും ശാമുവേൽ പറഞ്ഞു. യുഡിഎഫ് സർക്കാർ കുടിശ്ശികയാക്കിയ 14,500 രൂപ എൽഡിഎഫ് സർക്കാർ ഒന്നിച്ചു നൽകിയതും പിന്നീട് പെൻഷൻ തുക ഘട്ടം ഘട്ടമായി ഉയർത്തിയതും ശാമുവേൽ നന്ദിയോടെ സ്മരിക്കുന്നു. ശാമുവേലിന്റെ കുടുംബത്തിന്‌ ഈ ഓണം കളർഫുൾ. Read on deshabhimani.com

Related News