ഇനി ജലാരവം



പത്തനംതിട്ട ഓണത്തിരക്കുകളിൽനിന്ന് ജില്ല ഇനി വള്ളംകളിയുടെ ആവേശത്തിലേക്ക്‌. തിരുവോണനാളിൽ പമ്പയാറുമായി ബന്ധപ്പെട്ട്  തിരുവോണത്തോണി എത്തുന്നത് ഏറെ പ്രസിദ്ധം. തുടർന്ന് അടുത്ത മൂന്ന് ദിവസങ്ങളിലും ജില്ലയിൽ പ്രസിദ്ധമായ ജലമേളകളും ആവേശമായ വള്ളംകളി മത്സരവും നടക്കും. തിങ്കളാഴ്ച അവിട്ടം നാളിൽ റാന്നി പുല്ലൂപ്രം ക്ഷേത്രക്കടവില്‍ നടക്കും പകല്‍  1.30ന്   നടക്കുന്ന ജലോത്സവത്തില്‍ 14 പള്ളിയോടങ്ങള്‍ പങ്കെടുക്കും.   ചതയം നാളിൽ ചെറുകോൽപ്പുഴയില്‍ മാനവമൈത്രി ജലമേള. പള്ളിയോടങ്ങളടക്കം പങ്കെടുക്കുമെങ്കിലും അതിന് തുഴച്ചിലിന്റെ വീറുറ്റ സ്വഭാവമല്ല. ചമയങ്ങളുടെയും താളാത്മകമായ തുഴച്ചിലിനുമാണ് മുന്‍തൂക്കം. അതില്‍ മുന്നിട്ട് നില്‍ക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനം.   ബുധനാഴ്ചയാണ് ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളംകളി. ഇത്തവണ മുമ്പെന്നത്തേക്കാളും അധികം വള്ളങ്ങള്‍ മേളയിലെത്തും.  52 കരകളെയും പ്രതിനിധീകരിച്ച്  എത്തുന്ന 52 പള്ളിയോടങ്ങളും ഇത്തവണ ജലമേളയ്ക്ക് മാറ്റുകൂട്ടും. നാവികസേനയുടെ അഭ്യാസ പ്രകടനവും ഇത്തവണയുണ്ടാകും.    മത്സരത്തിന് സമാനമായി ആധുനിക രീതിയിലുള്ള സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയിന്റുകളിലെ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അവിട്ടം ജലോത്സവം  ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. അവിട്ടം ജലോത്സവം പ്രസിഡന്റ് ജേക്കബ് മാത്യു അധ്യക്ഷനാകും. സമിതി ചെയര്‍മാന്‍ റിങ്കു ചെറിയാന്‍ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വഞ്ചിപ്പാട്ട് അവതരണം മുന്‍ എംഎല്‍എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News