ഇന്ന് തിരുവോണപ്പുലരി തിമിർത്തോണം

ഉത്രാട ദിനത്തിൽ പത്തനംതിട്ട ചന്തയിലെ തിരക്ക്


 പത്തനംതിട്ട മലയാളിക്കിന്ന്‌ സമൃദ്ധിയുടെ പൊന്നോണം. നാടെങ്ങും ഒത്തുചേരലിന്റെ പൂമണം പരക്കുന്നു. എല്ലാ വീട്ടിലും ഒന്നാകലിന്റെ ഓണവട്ടമൊരുങ്ങും. ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലും അവയെ അതിജീവിച്ച്‌, സംസ്‌കാരത്തിന്റെ ഭാഗമായ ഓണാഘോഷം കൊണ്ടാടുകയാണ്‌ നാട്‌.  തിരുവോണത്തലേന്ന്‌ വഴിയോരങ്ങൾ ഉത്സവത്തിരക്കിലായിരുന്നു. അത്തം മുതലുള്ള ആദ്യ ദിനങ്ങൾ മൂടാപ്പിലായിരുന്നെങ്കിലും മഴ മാറിനിന്ന നാല്‌ ദിവസമാണ്‌ കഴിഞ്ഞത്‌. അതുകൊണ്ട്‌ തന്നെ ഉത്രാട ചന്തയും ഉഷാറായി. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിപണികളിൽ നല്ല തിരക്ക്‌. തിരുവോണ ദിവസത്തേക്കുള്ള പച്ചക്കറി വിഭവങ്ങൾ വിപണിയിൽ സുലഭമായി ലഭിച്ചത്‌ ജനത്തിന്‌ ആശ്വാസമായി. ഏത്തവാഴക്കുല ഉൾപ്പെടെ പച്ചക്കറിക്ക്‌ സാധാരണ ഉണ്ടാകുന്ന വിലക്കുതിപ്പ്‌ ഇക്കുറിയുണ്ടായില്ല. ഏത്തവാഴക്കുല വില കൂടാതെ നിന്നതിനാൽ ഉപ്പേരിയും ശർക്കരവരട്ടിയും മറ്റും മിക്ക വീടുകളിലും തയ്യാറാക്കി. നാട്ടിൻ പുറങ്ങളിൽ ഇത്തവണ ഒട്ടേറെ പൂന്തോട്ടങ്ങൾ വിരിഞ്ഞതിനാൽ അധികം മറുനാടൻ പൂക്കളില്ലാതെ വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങൾ തീർത്തു. പുറത്തുനിന്നെത്തുന്ന മുല്ലയും ജമന്തിയും വാടാമല്ലിയും അരളിയുമെല്ലാം പൂക്കളങ്ങളെ സുന്ദരമാക്കി.  ഓണക്കോടി പോലെ തന്നെ, കമ്പനികളുടെ ആകർഷമായ ഓഫറുകളിൽ ഇലക്‌ട്രോണിക്‌ സാധനങ്ങളും മൊബൈൽ ഫോണും സ്വന്തമാക്കാനുള്ള നെട്ടോട്ടവുമുണ്ടായി. സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ ബാങ്കുകൾ നൽകുന്ന തവണ വ്യവസ്ഥയും സഹായമായി. വസ്‌ത്ര വ്യാപാര സ്ഥാപനങ്ങളെ പോലെ വഴിയോരത്ത്‌ മറുനാട്ടുകാരുടെ തുണിത്തരങ്ങളും നിരന്നു.  വിദ്യാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലുമെല്ലാം ഓണ പരിപാടികളും സദ്യയുമുണ്ടായി. ക്ലബുകളും കൂട്ടായ്‌മകളും ഓണാഘോഷം സംഘടിപ്പിക്കുന്ന തിരക്കിലാണ്. വിവിധ സ്ഥലങ്ങളിലെ തിരക്ക്‌ നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും പൊലീസിന്റെ പ്രത്യേക ജാഗ്രതാ പ്രവർത്തനവും ഇടപെടലുമുണ്ട്‌. Read on deshabhimani.com

Related News