ദുർഘട സാഹചര്യങ്ങളിൽ കഴിയുന്ന സ്ത്രീകളെയും മുന്നോട്ടുകൊണ്ടുവരും



പെരുനാട്‌ സമൂഹത്തിൽ ദുർഘട സാമൂഹിക സാഹചര്യങ്ങളിൽ കഴിയുന്ന സ്ത്രീകളെയും സാമൂഹിക മാറ്റത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുവാൻ വനിത കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി പറഞ്ഞു. പത്തനംതിട്ട റാന്നി പെരുനാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഏകോപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മുൻകാലങ്ങളിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ചു പരിഹരിക്കുന്നതായിരുന്നു വനിതാ കമ്മീഷൻ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ സമൂഹത്തിൽ പരാതി പറയാൻ പോലും സാഹചര്യം ലഭിക്കാത്ത വിഭാഗങ്ങളുണ്ടെന്ന് വനിതാ കമ്മീഷൻ മനസിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പരാതി കേൾക്കാനും അവയ്ക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കാനും തീരുമാനിച്ചത്. ഇവരുടെ പ്രശ്‌നങ്ങൾ പഠിച്ച് ആവശ്യമായ ശുപാർശകൾ സർക്കാരിന് നൽകി അതിലൂടെ ഈ മേഖലകളിൽ സാമൂഹിക മാറ്റം ഉറപ്പാക്കുകയാണ് ലക്ഷ്യം. വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ അട്ടത്തോട് പട്ടികവർഗ മേഖലയിൽ ഗൃഹ സന്ദർശനം നടത്തി. ഒറ്റയ്ക്ക് കഴിയുന്നവരും കിടപ്പു രോഗികളുമായ വനിതകൾ താമസിക്കുന്ന വീടുകളിലായിരുന്നു സന്ദർശനം. എത്രത്തോളം ദുർഘടംപിടിച്ച വീടുകളിലാണ് ഇവർ താമസിക്കുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. തുടർന്ന് ചേർന്ന ഏകോപനയോഗത്തിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷയായി. കമ്മീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ,  പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ ചന്ദ്രശോഭ, ഡിടിഡിഒ പ്രതിനിധി എസ് എ നജീം, പെരുന്നാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, സി എസ് സുകുമാരൻ, മോഹിനി വിജയൻ, എം എസ് ശ്യാം, മഞ്ജു പ്രമോദ്, എൻ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ചൊവ്വാഴ്‌ച  നടക്കുന്ന ശിൽപ്പ ശാല വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധ്യക്ഷനാകും. പട്ടികവർഗക്കാർക്കു വേണ്ടിയുള്ള  പൊതു പദ്ധതികൾ എന്ന വിഷയത്തിൽ റാന്നി ഡിടിഡിഒയിലെ എസ് എസ് എം നജീബും പട്ടികവർഗ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും എന്ന വിഷയത്തിൽ ഫാമിലി കൗൺസിലറും ലൈഫ് കോച്ചുമായ അഡ്വ. പ്രഭയും ക്ലാസ് എടുക്കും. Read on deshabhimani.com

Related News