മുമ്പേ വിജയിച്ച് എസ്എഫ്ഐ
പത്തനംതിട്ട എംജി സർവകലാശാലയ്‌ക്ക് കീഴിലുള്ള കോളേജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് വിജയം ഉറപ്പിച്ച് എസ്‌എഫ്‌ഐ. 23ന് നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജില്ലയിലെ ഭൂരിപക്ഷം കോളേജുകളിലും വിജയം നേടിയിരിക്കുകയാണ് എസ്‌എഫ്‌ഐ. മാധ്യമ വിചാരണകളെയും വേട്ടയാടലുകളെയും മറികടന്ന് ഉജ്ജ്വല വിജയമാണ് വിദ്യാർഥികൾ എസ്‌എഫ്‌ഐക്ക് നൽകിയത്. ജില്ലയിലെ കോളേജുകളിൽ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക പരിശോധന അവസാനിച്ചപ്പോൾ പലയിടത്തും എതിരില്ലാതെ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയ്‌ക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ വലിയ മുന്നേറ്റമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ജില്ലയിലെ ക്യാമ്പസുകളിലും ഇതേ മുന്നേറ്റമാണ് എസ്‌എഫ്‌ഐ ലക്ഷ്യമിടുന്നത്. ജില്ലയിൽ 12 ക്യാമ്പസ്സുകളിലാണ് ഇതിനകം എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്. ഡിബി പരുമല പമ്പാ കോളേജ്, മാർത്തോമാ കോളേജ് തിരുവല്ല, ബിഎഎം കോളേജ് മല്ലപ്പള്ളി, ഐഎച്ച്ആർഡി അയിരൂർ, ഇലന്തൂർ ഗവ. കോളേജ്, ഇലന്തൂർ ഗവ. ബിഎഡ് കോളേജ്, മുസലിയാർ കോളേജ് കോന്നി, എസ്എഎസ് കോളേജ് കോന്നി, വിഎൻഎസ് കോളേജ് കോന്നി, എസ്എൻഡിപി കോളേജ് കോന്നി, സെന്റ് തോമസ് കോളേജ് തവളപ്പാറ, സെന്റ് തോമസ് കോളേജ് റാന്നി എന്നീ കോളേജുകളിലാണ് എസ്എഫ്‌ഐ മുഴുവൻ സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 17ന് തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് 23ലേക്ക് സർവകലാശാല മാറ്റുകയായിരുന്നു. Read on deshabhimani.com