കോന്നിയിൽ മൂന്നാം ബാച്ച്‌ എത്തി

കോന്നി മെഡിക്കൽ കോളേജിലെ മൂന്നാം ബാച്ച് എംബിബിഎസ് പ്രവേശനോത്സവം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


കോന്നി പൂച്ചെണ്ടുകളും ഹർഷാരവവും ഏറ്റുവാങ്ങി കോന്നി മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ മൂന്നാം ബാച്ച് വിദ്യാർഥികൾക്ക്‌  വർണാഭമായ പ്രവേശനോത്സവം. ആതുരശുശ്രൂഷയിലൂടെ നാടിനും സമൂഹത്തിനും താങ്ങാവേണ്ടവരെ കോന്നിയിലെ ജനങ്ങൾ ആഹ്ലാദാരവത്തോടെയാണ്‌ സ്വീകരിച്ചത്‌.  ജില്ലയ്ക്കകത്തും പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയ വിദ്യാർഥികളെ സീനിയർ വിദ്യാർഥികളും, പ്രിൻസിപ്പലും, സൂപ്രണ്ടുമടക്കമുള്ളവർ അഡ്വ.കെ യു ജനീഷ് കുമാറിനൊപ്പം അണിനിരന്ന്  പൂക്കൾ നൽകി സ്വീകരിച്ചു. മെഡിക്കൽ കോളേജിലെ എംബിബിഎസ് മൂന്നാം ബാച്ച് വിദ്യാർഥികളുടെ പ്രവേശനോത്സവമാണ് തിങ്കളാഴ്ച രാവിലെ നടന്നത്. പ്രവേശനം നേടിയ 67  വിദ്യാർഥികളെ ആശുപത്രി കവാടത്തിൽ പൂച്ചെണ്ടു നൽകി  സ്വീകരിച്ചു. ഇനി രണ്ട് അലോട്മെന്റുകൾ കൂടി നടക്കാനുണ്ട്.  മെഡിക്കൽ കോളേജിൽ 100 സീറ്റാണ് അനുവദിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവ പരിപാടി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.  കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്കായി അത്യാധുനിക ഉപകരണങ്ങൾ ആണ് എത്തിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനം നിലച്ച അവസ്ഥയിൽ നിന്നാണ് കോന്നി മെഡിക്കൽ കോളജ് യാഥാർഥ്യമായത്‌.  കിഫ്‌ബിയിൽ നിന്നും അനുവദിച്ച 352 കോടി രൂപയുടെ അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങൾ ആണ് നടക്കുന്നതെന്നും എംഎൽഎ പറഞ്ഞു.  കോന്നി ഗവ. മെഡിക്കൽ കോളേജ്  പ്രിൻസിപ്പൽ ഡോ.ആർ എസ് നിഷ  അധ്യക്ഷയായി.  അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്‌ രേഷ്മ മറിയം റോയ് , മെഡിക്കൽ സൂപ്രണ്ട് ഡോ. എ ഷാജി ,  മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, വിവിധ ഡിപ്പാർട്ട്മെന്റ്  മേധാവികളായ ഡോ. ജിനോ എബ്രഹാം, ഡോ. സിന്ധു പി എസ്,  ഡോ. പി ഇന്ദു,  മെൻസ് ഹോസ്റ്റൽ വാർഡൻ ഡോ. കൃഷ്ണ കുമാർ, ലേഡീസ് ഹോസ്റ്റൽ വാർഡൻ ഡോ. ബി സജിനി, ഡോ. അൽ അമീൻ, പിടിഎ പ്രസിഡന്റ്‌ വി എൻ ജനിത, കോളേജ് യൂണിയൻ ചെയർമാൻ വിശാഖ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News