ഇവിടുണ്ട് കപ്പലോട്ടത്തിന്റെ ചരിത്രകാരന്‍
അടൂർ സംസ്ഥാനത്ത് പുതിയൊരു തുറമുഖത്തിനാണ് ഞായറാഴ്ച തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ വികസന വഴികളില്‍ മറ്റൊരു സുവര്‍ണ നേട്ടത്തിന് നാട് സാക്ഷ്യം വഹിക്കുമ്പോള്‍ ഇങ്ങ് നമ്മുടെ ജില്ലയിലാണ് രാജ്യത്തെ കപ്പലോട്ടത്തിന്റെ ചരിത്രകാരന്‍. ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രമെന്ന ഗ്രന്ഥം ആദ്യം ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലും തയ്യറാക്കി. ഈ ഗ്രന്ഥത്തിനാണ് മുബൈ സര്‍വകലാശാല പിഎച്ച്ഡി നൽകി ആദരിച്ചത്. പിന്നീട് ഈ ഗ്രന്ഥത്തിന് ദേശാഭിമാനിയുടെ സാഹിത്യ പുരസ്കാരവും വൈജ്ഞാനിക സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരവും ലഭിച്ചു. ആ നേട്ടത്തിന്റെ ഓര്‍മ പങ്കുവയ്ക്കുകയാണ് ഡോ. ടി ആർ രാഘവൻ. സ്കൂൾ, കോളേജ് ലൈബ്രറികളിൽ കിട്ടിയ പുസ്തകങ്ങൾ സാഹിത്യ രംഗത്ത് പരിചയപ്പെടാനും അറിവ് വർധിപ്പിക്കാനും സഹായകമായതായി അടൂർ കരുവാറ്റ ശ്രേയസ്സിൽ ഡോ. ടി ആർ രാഘവൻ (84) ഓർമകളിലൂടെ വിവരിച്ചു. മുംബൈയിലെ മാട്ടുങ്കയിലെ മലയാളി സാഹിത്യ സമാജത്തിലെ സാഹിത്യ വേദികളിൽ നടന്ന ചർച്ചകളിലും മറ്റും പങ്കെടുക്കാൻ കഴിഞ്ഞത് സാഹിത്യ അഭിരുചി വർധിപ്പിക്കാനും ഇടയാക്കി. 30 മുതൽ 65 വയസ്സുവരെയുള്ള സുദീർഘമായ മുംബെെ ജീവിതം മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. ഈ കാലത്താണ് ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടിയത്. ഇതിനിടെ നിയമബിരുദത്തിനും പഠിച്ചു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന സമയത്താണ് ബിരുദാനന്തര ബിരുദം നേടിയത്. വിദ്യാർഥി ജീവിതം ഒരു മധുര മനോഹര കാവ്യം പോലെ ഓർമകളിൽ ഇപ്പോഴുമുണ്ടെന്ന് ടി ആർ രാഘവൻ ശ്രേയസിലെ ചാരുകസേരയിലിരുന്ന് വിവരിച്ചു. പത്തനംതിട്ട മാർത്തോമ സ്കൂളിൽ തുടങ്ങിയ വിദ്യാഭ്യാസം കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പന്തളം എൻഎസ്എസ് കോളേജിലും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലുമായാണ് നടത്തിയത്. ബിഎ പാസായ ശേഷം മുംബൈയിലേക്ക് പോയി. അവിടെ ഷിപ്പിങ് കോർപ്പറേഷനിൽ ക്ലർക്ക് തസ്തികയിൽ ജോലി ലഭിച്ചു. ഈ ജോലിയിലിരുന്നു കൊണ്ടാണ് മുംബൈ എൽഫിങ്സ്റ്റൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തത്. പിന്നീട് മുംബൈ സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി. എന്നാൽ 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഉദ്യോഗക്കയറ്റം ലഭിച്ചില്ലെന്ന ദുഃഖകരമായ അനുഭവവും ടി ആർ രാഘവൻ പങ്കുവച്ചു. പെൻഷനാകുമ്പോൾ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രമെന്ന പുസ്തകം ആദ്യം ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലും തയ്യറാക്കിയത്. തുടർന്ന് 50 വർഷത്തെ കൈയെഴുത്ത് മാസികകൾ സംഘടിപ്പിച്ച് ശ്രദ്ധയമായ പഠനവും നടത്തി. ഇതിലൂടെ പഴയകാല സാഹിത്യ രംഗത്തുള്ളവരുടെ സാഹിത്യ സൃഷ്ടികൾ അടുത്തറിയാനും അവസരം ലഭിച്ചു. അച്ഛൻ പത്തനംതിട്ട നന്നുവക്കാട് താന്നി നിൽക്കുന്നതിൽ വീട്ടിൽ കുഞ്ഞുരാമപണിക്കരുടെ സാഹിത്യ അഭിരുചികളും പ്രചോദനമായി. ‘അനുഭവം തിരുമധുരം തീ നാളം’ എന്ന ആത്മകഥ പൂർത്തിയാക്കി അച്ചടിക്ക് നൽകിയിരിക്കുകയാണ് ഇദ്ദേഹം. മക്കളായ കിഷോർ രാഘവനും രാജേഷ് രാഘവനും ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ക്യാപ്റ്റൻമാരാണ്. Read on deshabhimani.com