മലയാലപ്പുഴയെ ദു:ഖത്തിലാഴ്ത്തി നവീന്റെ മടക്കം
കോന്നി സ്വന്തം നാട്ടിലേക്കുള്ള നവീൻ ബാബുവിന്റെ മടക്കയാത്രയുടെ സന്തോഷത്തിലായിരുന്ന കുടുംബത്തെ കാത്തിരുന്നത് നവീന്റെ വിയോഗ വാർത്ത. മരണവാർത്ത മലയാലപ്പുഴ ഗ്രാമത്തെയാകെ ദു:ഖത്തിലാഴ്ത്തി. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായ നവീന്റെ വേർപാട് കുടുംബത്തെപ്പോലെ ഇടതുപക്ഷ പ്രവർത്തകർക്കും, നാട്ടുകാർക്കും തീരാനഷ്ടമാണ് വരുത്തിയത്. രണ്ട് വർഷത്തെ കാസർകോട് കലക്ടറേറ്റിലേയും, മൂന്നു മാസമായി കണ്ണൂർ കലക്ടറേറ്റിലെയും സേവനത്തിന് ശേഷം പത്തനംതിട്ട കലക്ടറേറ്റിലേക്ക് എഡിഎമ്മായുള്ള സ്ഥലമാറ്റം ലഭിച്ചുള്ള തിരികെ വരവ് പ്രതീക്ഷിച്ചിരുന്ന നവീന്റെ കുടുംബത്തിന്റെ കാതിലെത്തിയത് വിയോഗ വാർത്തയാണ്. ചൊവ്വാഴ്ചയായിരുന്നു പത്തനംതിട്ടയിൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. ഇതിനായി പുലർച്ചെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന നവീനെ കൂട്ടിക്കൊണ്ടുവരാൻ അനുജൻ അഡ്വ. പ്രവീൺ ബാബുവും സുഹൃത്ത് ഉത്തമനും വാഹനവുമായി എത്തിയിരുന്നു. ട്രയിനിൽ നവീനെ കാണാത്തതിനെ തുടർന്ന് കണ്ണൂരിൽ ബന്ധപ്പെട്ടപ്പോഴാണ് മരണ വാർത്ത അറിയുന്നത്. തുടർന്ന് ഇരുവരും അവിടെ നിന്നു തന്നെ കണ്ണൂരിലേക്ക് പുറപ്പെടുകയായിരുന്നു. അപ്പോഴും അച്ഛന്റെ വരവും കാത്തിരിക്കുകയായിരുന്നു മക്കളായ നിരഞ്ജനയും, നിരുപമയും. ഇനിയുള്ള കാലം അച്ഛൻ തങ്ങളോടൊപ്പം നാട്ടിലുണ്ടാകുമെന്ന സന്തോഷത്തിലായിരുന്നു ഇരുവരും. അവശേഷിക്കുന്ന ഏഴ് മാസത്തെ സർവീസിനു ശേഷം കുടുംബത്തോടൊപ്പം കഴിയേണ്ട അച്ഛന്റെ വേർപാട് താങ്ങാവുന്നതിനപ്പുറമായി. മലയാലപ്പുഴ താഴം കാരുവള്ളിൽ പരേതരായ രത്നമ്മ, കിട്ടൻ നായർ ദമ്പതികളുടെ മൂത്ത മകനാണ് നവീൻ ബാബു (55). സിപിഐ എം കുടുംബത്തിലെ അംഗമായ നവീൻ എൻജിഒ യൂണിയന്റെയും, കെജിഒഎയുടെയും ജില്ലാ ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. അമ്മ രത്നമ്മ 1979 മുതൽ 1984 വരെ സിപിഐ എം മലയാലപ്പുഴ പഞ്ചായത്തംഗമായിരുന്നു. അനുജൻ പ്രവീൺ ബാബു പാർട്ടി സഹയാത്രികനും ഹൈക്കോടതി അഭിഭാഷകനുമാണ്. ഭാര്യ: കോന്നി തഹസീൽദാർ കെ മഞ്ജുഷയും കെജിഒഎ അംഗമാണ്. കെഎസ്ടിഎ പ്രവർത്തകയായ സഹോദരി സബീന പെരുനാട് ബഥനി ഹൈസ്കൂളിലെ അധ്യാപികയാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ, ഏരിയാ കമ്മിറ്റിയംഗങ്ങളായ മലയാലപ്പുഴ മോഹനൻ, വി മുരളീധരൻ തുടങ്ങിയവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബുധനാഴ്‌ച നാട്ടിലെത്തിക്കുന്ന മൃതദേഹം കലക്‌ട്രേറ്റിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് മലയാലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. Read on deshabhimani.com