മാധ്യമവാർത്ത അടിസ്ഥാന രഹിതം
കോഴഞ്ചേരി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യുതിയില്ലാതെ ടോർച്ചിന്റെ വെളിച്ചത്തിൽ ചികിത്സ നടന്നെന്ന മാധ്യമ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രി കോമ്പൗണ്ടിൽ കെഎസ്ഇബിയുടെ ഹൈടെൻഷൻ കേബിൾ മാറ്റി സ്ഥാപിക്കാൻ ലക്ഷ്യ യൂണിറ്റിന്റെ എർത്തിങ് ജോലികൾക്കുമായി 15ന് കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിച്ചിരുന്നതിനാൽ വൈദ്യുതിക്ക് തടസം വന്നില്ല. അതേസമയം എർത്തിങ് ജോലികളുമായി ബന്ധപ്പെട്ട് ഷോക്ക് ഏൽക്കാതിരിക്കാൻ 25 മിനിറ്റോളം വൈദ്യുതി പൂർണമായും വിച്ഛേദിച്ചിരുന്നു. ഇത് മുൻകൂട്ടി എല്ലാ ജീവനക്കാരെയും രേഖാമൂലം അറിയിച്ചിരുന്നു. ഞായറാഴ്ച ആയിരുന്നതിനാൽ സർജറി ഒപി പ്രവർത്തിച്ചിരുന്നില്ല. ജനറൽ ഒപി മാത്രമേ ഉണ്ടായിരുന്നുള്ളു. രോഗികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് സാമുവേൽ പറഞ്ഞു. സർക്കാർ ആരോഗ്യ രംഗത്ത് ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ അടിസ്ഥാനരഹിത വാർത്ത സൃഷ്ടിക്കുന്നതിലൂടെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലിൽ 34 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. മന്ത്രിക്കെതിരെ ബോധപൂർവമായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിന്റെ തുടർച്ചയായാണ് ജില്ലാ ആശുപത്രിക്കെതിരെ അടിസ്ഥാനരഹിത വാർത്ത നൽകിയതെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ പറഞ്ഞു. Read on deshabhimani.com