കുടുംബശ്രീ "കൈത്താങ്ങ് ' 
പദ്ധതിക്ക് തുടക്കം



പത്തനംതിട്ട  കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന "കൈത്താങ്ങ്' പദ്ധതിക്ക് തുടക്കമായി. വടശ്ശേരിക്കര യൂണിവേഴ്‌സൽ കോളേജിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജിജി മാത്യു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം അധ്യക്ഷനായി. പട്ടികവർഗ വിഭാഗങ്ങളിൽനിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ ക്ലാസുകൾ നടത്തുകയും പ്ലസ് ടു യോഗ്യതയുള്ളവരാക്കി തീർക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ 16 കുട്ടികളാണ് ഗുണഭോക്താക്കൾ. ക്ലാസ്‌ നയിക്കാൻ പ്രഗൽഭരായ അധ്യാപകരെ കുടുംബശ്രീ മിഷൻ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്ക് പഠന കേന്ദ്രത്തിലേക്ക് എത്തിച്ചേരാനുള്ള യാത്രാക്കൂലി, പഠനോപകരണങ്ങൾ, ഭക്ഷണം എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. വടശ്ശേരിക്കര യൂണിവേഴ്‌സൽ കോളേജ് പഠനത്തിനാവശ്യമായ കെട്ടിടം സൗജന്യമായി നൽകും. റാന്നി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റ് പി എസ് മോഹനൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ അജിത് കുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ എസ് ആദില തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News