നാട്‌ വിടയേകും

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ടയിലെ മോർച്ചറിയിലേക്ക് കൊണ്ടുവന്നപ്പോൾ. സിപിഐ എം 
പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ആന്റോ ആന്റണി എം പി എന്നിവർ സമീപം


 കോന്നി കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം വ്യാഴാഴ്‌ച പകൽ മൂന്നിന്‌ മലയാലപ്പുഴ താഴം പത്തിശ്ശേരിയിലെ കാരുവള്ളിൽ വീട്ടുവളപ്പിൽ നടക്കും. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. രാത്രി രണ്ടരയോടെ കുടുംബം മലയാലപ്പുഴയിലേക്ക് തിരിച്ചു. ബുധനാഴ്ച പകൽ 12ഓടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്ക്‌ മാറ്റി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, കലക്‌ടർ എസ്‌ പ്രേം കൃഷ്‌ണൻ, എംഎൽഎമാരായ അഡ്വ. കെ യു ജനീഷ്‌കുമാർ, അഡ്വ. പ്രമോദ്‌ നാരായൺ, ആന്റോ ആന്റണി എംപി, സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ചു എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. വ്യാഴം രാവിലെ 10ന് മൃതദേഹം കലക്ടറേറ്റിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. പകൽ മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.  ബുധനാഴ്ച രാഷ്ടീയ, സാമൂഹ്യ, ഉദ്യോഗസ്ഥതലത്തിലെ നിരവധി പേർ നവീൻ ബാബുവിന്റെ വീട്ടിലെത്തി അനുശോചനമറിയിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്‌, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശെെലജ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, ബിഡിജെഎസ് നേതാവ് കെ പത്മകുമാർ, സിപിഐ ജില്ലാ സെക്രട്ടറി ശശിധരൻ, മുൻ സെക്രട്ടറി എ പി ജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, ആന്റോ ആന്റണി എംപി, ഷാനിമോൾ ഉസ്‌മാൻ എന്നിവരും എത്തിയിരുന്നു.  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. എം വി ജയരാജൻ നവീൻ ബാബുവിന്റെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. Read on deshabhimani.com

Related News