‘കെ–-ലിഫ്‌റ്റ് ’
പത്തനംതിട്ട ഉപജീവന വർഷം 2024ന്റെ ഭാഗമായി കുടുംബശ്രീയിൽ അംഗങ്ങളായ സ്ത്രീകൾക്ക് ഉപജീവനമാർഗവുമായി കെ–-ലിഫ്റ്റ്. പദ്ധതിയിലൂടെ അംഗങ്ങൾക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് കുടുംബശ്രീ ലക്ഷ്യം. 26 വർഷം പിന്നിട്ട കുടുംബശ്രീയെ കൂടുതൽ കാര്യക്ഷമമാക്കാനും മികച്ച വരുമാനം ഉറപ്പാക്കാനും ആവിഷ്‌കരിച്ച പദ്ധതിയാണ് കെ–-ലിഫ്‌റ്റ്. ഒരു അയൽക്കൂട്ടത്തിൽനിന്ന് ചുരുങ്ങിയത് ഒരു സംരംഭം/ തൊഴിൽ എന്നതാണ് പദ്ധതി ലക്ഷ്യം. ഇതുപ്രകാരം ഏപ്രിലിൽ ആരംഭിച്ച പദ്ധതിയിൽ ഒരു വർഷം ജില്ലയിൽ 10,000 ഉപജീവന പ്രവർത്തനങ്ങളാണ് ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്. അയൽക്കൂട്ട അംഗങ്ങൾ ആരംഭിക്കുന്ന സംരംഭം, വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി, മൃഗസംരക്ഷണം, വിപണനം, തൊഴിൽ തുടങ്ങി വിവിധ മേഖലകളിലുള്ള ഉപജീവന മാർഗങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനം, വയോജന സംരംഭം, അതിദരിദ്രർക്കായുള്ള പ്രത്യേക ഉപജീവന പ്രവർത്തനങ്ങൾ, ബഡ്‌സ് സ്‌കൂളുകളിലെ ഉപജീവന പ്രവർത്തനങ്ങൾ, പട്ടികജാതി, പട്ടികവർഗ പ്രത്യേക പദ്ധതികൾ, നഗര ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ എന്നിവയും ഇതിൽപ്പെടും. Read on deshabhimani.com