ജൈവകൃഷി പ്രോത്സാഹിപ്പിക്കും: മന്ത്രി വീണാ ജോർജ്
പത്തനംതിട്ട ആരോഗ്യസമ്പന്നമായ തലമുറകൾക്കായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കാർഷികവികസന- കർഷകക്ഷേമ വകുപ്പിന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ കൗൺസിൽ ഹാളിൽ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ തലമുറ കാർഷികമേഖലയിലേക്ക് കൂടുതലായി വരണം. മൂല്യവർധിത കാർഷിക ഉൽപ്പന്ന സംരംഭങ്ങൾക്കായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നത്. ചികിത്സാരംഗത്ത് അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. വിഷരഹിതമായുള്ള ആഹാരം ജൈവകൃഷിയിലൂടെ ഉറപ്പാക്കുന്നു. വിവിധ പദ്ധതികൾ ഈ ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്യുന്നതും നടപ്പാക്കുന്നതും. കാർഷികമേഖലയിൽ നഗരസഭ അഭിനന്ദനാർഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു. വനിതാകർഷക അംബിക നായർ, യുവകർഷക ആർ നിഷ, സമ്മിശ്ര കർഷകൻ വിനോദ് കുമാർ, ജൈവകർഷകൻ എം എം ബേബി, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള കർഷക തങ്കമണി, മുതിർന്ന കർഷകരായ മുസ്തഫ, ഹസ്സൻ, വിദ്യാർഥി കർഷകരായ നിർമ്മൽ ശിവകൃഷ്ണ, ജോണി മാത്യു ജേക്കബ് എന്നിവരെ ആദരിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസെെൻ അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, കെ ആർ അജിത് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com