അറിവിൻമഴയായ്‌ അക്ഷരമുറ്റം



 കോന്നി  കോരിച്ചൊരിയുന്ന പെരുമഴയേക്കാൾ വേഗത്തിലാണ്‌ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കുരുന്നുകൾ പേമാരിയായ്‌ പൊഴിച്ചത്‌. പുറത്ത്‌ തിമിർത്ത്‌ പെയ്യുന്ന മഴ ക്ലാസ്‌ മുറികളിലെ ചൂടേറിയ മത്സരങ്ങളെ തെല്ലും തണുപ്പിച്ചില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്വിസ്‌ മത്സരത്തിന്റെ ആദ്യ പടി കുട്ടികൾ ആവേശത്തോടെയാണ്‌ ഏറ്റെടുത്തത്‌. ജില്ലയിലെ വിവിധ ഉപ ജില്ലകളിലായി 762 സ്‌കൂളുകളിൽ ചൊവ്വാഴ്‌ച മത്സരങ്ങൾ നടന്നു. സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ് സ്കൂളുകളിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ മുഴുവൻ കുട്ടികളും മത്സരത്തിൽ പങ്കാളികളായി. സ്‌കൂൾ മത്സരങ്ങളുടെ ജില്ലാ ഉദ്‌ഘാടനം  കോന്നി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു.  തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.  സ്കൂൾ പിടിഎ പ്രസിഡന്റ്‌ കെ ജി ഉദയകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം തുളസിമണിയമ്മ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ, എസ് രാജേഷ് വള്ളിക്കോട്, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ജി ബിനുകുമാർ, സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ്, പ്രധാനാധ്യാപിക ജമീല ബീവി, അധ്യാപകരായ എം കെ ഷീജ, ലതി ബാലഗോപാൽ, കെ എസ് ശ്രീജ, എസ് ജി ഷൈനി എന്നിവർ സംസാരിച്ചു. ശ്രീജ എസ് കോലത്ത് നവകേരള പ്രതിജ്ഞ ചൊല്ലി കൊടുത്തു. അക്ഷരമുറ്റം ജില്ലാ കോ-ഓർഡിനേറ്റർ ആർ രമേശ് സ്വാഗതവും ഏരിയ ലേഖകൻ വി ശിവകുമാർ നന്ദിയും പറഞ്ഞു. ചോദ്യങ്ങൾ അക്ഷരമുറ്റം ഓൺലൈൻ സൈറ്റുവഴിയും ഇ മെയിൽ വഴിയുമാണ്‌  നൽകിയത്‌. സ്കൂളിൽനിന്ന് ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നവർ സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കും. നവംബർ പതിനൊന്നിനാണ് സബ്‌ ജില്ലാ മത്സരം. സബ് ജില്ലാ മത്സര  രജിസ്ട്രേഷൻ സമയത്ത് സ്കൂൾ മത്സര വിജയികളുടെ സമ്മാനങ്ങൾ കുട്ടികൾക്ക് നൽകും. സ്കൂൾ  വിജയികളുടെ പേര് വിവരം സ്കൂളിൽ നിന്ന് ഓൺലൈനിൽ രേഖപ്പെടുത്തുമ്പോൾ തന്നെ സാക്ഷ്യപത്രം ലഭിക്കും. ഇതിന്റെ പകർപ്പ്‌ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ ഏൽപ്പിക്കണം. സബ് ജില്ലാ മത്സരത്തിന് വരുന്ന കുട്ടികൾ സാക്ഷ്യപത്രം രജിസ്ട്രേഷൻ കൗണ്ടറിൽ ഹാജരാക്കണം.    സബ് ജില്ല, ജില്ലാ മത്സരങ്ങൾ വ്യക്തിഗതമാണ്. സബ് ജില്ലയിലും ജില്ലയിലും ആദ്യ രണ്ട് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.  സംസ്ഥാനതലത്തിൽ മാത്രമേ ടീമായി  മത്സരം ഉണ്ടാവു. ഒരു ജില്ലയിൽ നിന്ന് ഒരു ടീം എന്ന നിലയിലാണ്‌ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുക. സംസ്ഥാന വിജയികൾക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും    സമ്മാനമായി നൽകും. സാഹിത്യ രചനാ മത്സരങ്ങളുടെ എൻട്രികൾ 30ന് മുമ്പ്  ദേശാഭിമാനി ബ്യൂറോയിൽ നേരിട്ടോ ptadesh@gmail.com  എന്ന മെയിലിലോ അയയ്ക്കാം. Read on deshabhimani.com

Related News