ഓർമകളിൽ ആദ്യത്തെ ഫോറസ്റ്റ് ട്രയിനിങ് സ്കൂൾ
കോന്നി കേരളത്തിലെ ആദ്യത്തെ വന പരിപാലന പരിശീലന സ്കൂൾ (ഫോറസ്റ്റ് ട്രയിനിങ് സ്കൂൾ) സ്ഥാപിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടുന്നു. കോന്നിയിൽ ആരംഭിച്ച സ്കൂൾ തുടങ്ങി ഒമ്പതാം വർഷം അടച്ചു പൂട്ടി. വനപരിപാലനം പഠിപ്പിക്കാൻ ആരംഭിച്ച ഫോറസ്റ്റ് സ്കൂൾ നിലനിന്നിരുന്നെങ്കിൽ ഇപ്പോൾ ശതാബ്ദി ആഘോഷിക്കുമായിരുന്നു. സ്കൂൾ സ്ഥാപിച്ച് 100 വർഷം തികഞ്ഞ വേളയിൽ അതു പുനരുദ്ധരിക്കാനുള്ള ചർച്ചകളും സജീവമാവുകയാണ്. റിക്രൂട്ട്മെന്റുകൾ ഇല്ലാതായപ്പോൾ സ്‌കൂൾ തന്നെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. സ്കൂളിന്റെ തറയും ഭിത്തിയുമടക്കം അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്. നടുവത്തുമൂഴിയിലെ പഴയ റേഞ്ച് ഓഫിസിനും അസിസ്റ്റന്റ് കൺസർവേറ്റർ ബംഗ്ലാവിനും സമീപത്താണിത്. സെൻട്രൽ വനം ഡിവിഷന്റെ ആസ്ഥാനമായ കോന്നിയിലെ നടുവത്തു മൂഴിയിൽ 1923ൽ മലയാളമാസം ചിങ്ങം ഒന്നിനാണു ഫോറസ്റ്റ് ഗാർഡ് ട്രെയിനിങ് സ്കൂൾ ആരംഭിച്ചത്. ഉദ്യോഗാർഥികൾക്ക് താമസിക്കാനുള്ള കെട്ടിടങ്ങളും നിർമിച്ചിരുന്നു. 1923 മുതൽ 1932 വരെ പ്രവർത്തിച്ച സ്കൂളിൽ 11 ബാച്ചുകളിലായി ഇരുനൂറിലധികം ഉദ്യോഗാർഥികൾ പരിശീലനം പൂർത്തിയാക്കി. ആദ്യകാല ബാച്ചുകൾ വനം വകുപ്പിൽ ജോലി ചെയ്യുന്ന ഗാർഡുമാർക്ക് വേണ്ടിയായിരുന്നു. പിന്നീട് എസ്എസ്എൽസി യോഗ്യതയുള്ളവരെയും 25 വയസ്സിൽ താഴെയുള്ള യുവാക്കളെയും കോഴ്സ് ചെയ്യാൻ അനുവദിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ചെങ്കോട്ട, കൊല്ലം, സെൻട്രൽ (കോന്നി), നോർത്ത് (മലയാറ്റൂർ), കോട്ടയം ഡിവിഷനുകളിൽ നിയമനം നൽകിയിരുന്നു. കേരള സംസ്ഥാനം നിലവിൽ വന്ന ശേഷം 1961 ൽ ആണ് ഗാർഡുമാർക്കും, ഫോറസ്റ്റർമാർക്കും പരിശീലനം നൽകാനായി കേരള ഫോറസ്റ്റ് സ്കൂൾ (നിലവിൽ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ) പാലക്കാട് ജില്ലയിലെ വാളയാറിൽ സ്ഥാപിച്ചത്. 1981ൽ തിരുവനന്തപുരം ജില്ലയിലെ അരിപ്പയിലും ഫോറസ്റ്റ് സ്കൂൾ തുടങ്ങി. ഫോറസ്റ്റ് സ്കൂൾ പുനരുദ്ധരിക്കുമോ ? 1922-–-23ൽ വനം വകുപ്പിന്റെ പുനസംഘടനയോട് കൂടി വന പരിപാലനത്തിനായുള്ള ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയും ഉയർന്ന ഉദ്യോഗം വഹിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തുകയും ചെയ്തിരുന്നു. വിവിധ ഡിവിഷനുകളിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന 32 വാച്ചർമാരെ ഗാർഡുമാരായി സ്ഥിര നിയമനം നൽകി. വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത ഗാർഡുമാർക്ക് പരിശീലനം നൽകാനാണ് തിരുവിതാംകൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസ് ട്രെയിനിങ് കോളജിന്റെ മാതൃകയിൽ തദ്ദേശീയമായി ഫോറസ്റ്റ് സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഇതേത്തുടർന്നാണ് കല്ലേലി നടുവത്തൂമുഴിയിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. 2022ൽ ഇതിനെക്കുറിച്ചു മനസ്സിലാക്കാൻ ഗവേഷകനായ ഡോ.എസ് അരുൺ ശശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പഠനം നടത്തിയിരുന്നു. അദ്ദേഹം തയാറാക്കുന്ന വനചരിത്ര പുസ്തകത്തിൽ ഇതും സൂചിപ്പിച്ചിട്ടുണ്ട്. 100 വർഷം മുമ്പുണ്ടായിരുന്ന സ്കൂൾ പുനരുദ്ധരിക്കുന്നതിനെ കുറിച്ച് വനംവകുപ്പ് ആലോചിക്കുന്നതായി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി അജികുമാർ പറഞ്ഞു. Read on deshabhimani.com