131 വീടുകൾക്ക്‌ നാശം



 പത്തനംതിട്ട കാലവർഷം ശക്‌തമായതോടെ ജില്ലയിൽ ഉടനീളം വ്യാപക നാശം. കനത്ത മഴയിലും ശക്‌തമായ കാറ്റിലും മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞുമാണ്‌ കൂടുതൽ നാശം. മരങ്ങളും ചില്ലകളും ഒടിഞ്ഞ്‌ വൈദ്യുതി ലൈനുകൾ പൊട്ടി വീണും വൈദ്യുതി തൂണുകൾ ഒടിഞ്ഞും നാശമുണ്ട്‌. വീടുകൾക്ക്‌ മുകളിൽ മരങ്ങൾ വീണുണ്ടാകുന്ന നാശത്തിന്റെ കണക്ക്‌ വലുതാണ്‌. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ വകുപ്പ്‌  വേഗത്തിൽ നടത്തുന്നുണ്ട്‌. വ്യാഴാഴച ജില്ലയിൽ ഉടനീളം മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്‌. മറ്റ്‌ അനിഷ്‌ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.     മഴ ശക്‌തമായ 15 മുതൽ ജില്ലയിൽ 131 വീടുകൾക്കാണ്‌ നാശം സംഭവിച്ചത്‌. മരങ്ങൾ വീണാണ്‌ ഭൂരിഭാഗവും നാശം സംഭവിച്ചിരിക്കുന്നത്‌. പൂർണമായി തകർന്ന സംഭവം നിലവിലില്ല. വ്യാഴം രാവിലെ 10 വരെയുള്ള 24 മണിക്കൂറിൽ അഞ്ച്‌ വീടുകൾക്ക്‌ ഭാഗീകനാശം സംഭവിച്ചു. തിരുവല്ല താലൂക്കിൽ മൂന്ന്‌ വീടിനും മല്ലപ്പള്ളി, റാന്നി താലൂക്കുകളിൽ ഓരോ വീടിനുമാണ്‌ നാശമുണ്ടായത്‌. നാല്‌ ദിവസത്തിൽ വിവിധ താലൂക്കുകളിൽ ഇതുവരെ ആകെ 131 വീടുകൾക്ക്‌ നാശമുണ്ടായി. മല്ലപ്പള്ളി താലൂക്കിലാണ്‌ ഏറ്റവും അധികം വീടുകൾക്ക്‌ നാശം സംഭവിച്ചത്‌. 40 വീടുകൾക്ക്‌ കേടുപാടുണ്ട്‌. കോന്നി, കോഴഞ്ചേരി താലൂക്കുകളിൽ 21 വീതം വീടുകൾക്ക്‌ നാശം സംഭവിച്ചു. റാന്നി താലൂക്കിൽ 26 വീടുകളും അടൂർ താലൂക്കിൽ 14 വീടുകളും തിരുവല്ല താലൂക്കിൽ ഒമ്പത്‌ വീടുകളും ഭാഗീകമായി നശിച്ചു. Read on deshabhimani.com

Related News