തിരുവല്ലയില്‍ തൊഴില്‍ മേള ഇന്ന്



 തിരുവല്ല വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ആഗ്രഹിക്കുന്ന തൊഴിൽ ലഭ്യമാക്കുന്ന വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ തൊഴിൽമേള ശനിയാഴ്ച തിരുവല്ലയിൽ വീണ്ടും. ശനിയാഴ്ച പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമായുള്ള മേളയാണ് തിരുവല്ല മാർത്തോമ കോളേജിൽ രാവിലെ ഒമ്പതിന് ആരംഭിക്കുക. ഡിഡബ്ല്യുഎംഎസ് പോര്‍ട്ടല്‍ വഴിയാണ് തൊഴിൽമേളയ്ക്ക് ഉദ്യോ​ഗാര്‍ഥികള്‍ അപേക്ഷിക്കുന്നത്. അയ്യായിരത്തിലധികം അപേക്ഷ വെള്ളി  വൈകിട്ടുവരെ ലഭിച്ചു. ഉദ്യോ​ഗാര്‍ഥികളുടെ സൗകര്യാർഥം തിരുവല്ല മാർത്തോമ്മ കോളേജിൽ ശനിയാഴ്ച രാവിലെയും രജിസ്ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തും.  രാവിലെ 8.30ന് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് മേളയില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോ​ഗാര്‍ഥികള്‍ക്ക് കോളേജിലേക്ക് സൗജന്യ ബസ് സര്‍വീസും ഉണ്ടാകും. ഏതാനും മാസം മുമ്പ് ആരംഭിച്ച വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ്  തൊഴിൽ പദ്ധതി വഴി ഇതിനകം ആയിരത്തിലേറെ ആളുകൾക്ക് തൊഴിൽ ലഭ്യമായി. ഡോ. ടി എം തോമസ് ഐസക്കിന്റെ  നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണിത്. നവംബർ അവസാനത്തോടെ ജില്ലയിൽ അയ്യായിരം പേർക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ടുപോകുന്നത്. അടുത്ത ശനിയാഴ്ച തിരുവല്ല മാർത്തോമ്മ കോളേജിൽ ചെറുകിട വ്യവസായ സംരംഭക മേഖലയിലെ തൊഴിലവസരങ്ങൾക്കായി അഭിമുഖങ്ങൾ നടത്തും. ആയിരത്തിലേറെ തൊഴിലവസരം അടുത്താഴ്ചയും ഉണ്ടാകും. നവംബര്‍ നാലിന്  ചെന്നീര്‍ക്കര ഐടിഐയില്‍ സ്പെക്ട്രം ജോബ് ഫെയര്‍, നവംബര്‍ 8, 9 തീയതികളില്‍ മാര്‍ത്തോമ്മ കോളേജില്‍ മെഗാ ജോബ് എക്‌സ്‌പോ എന്നിവയാണ് ഇനി നടക്കാന്‍ പോകുന്ന തൊഴില്‍ മേളകള്‍. തൊഴിൽ മേളകളിലെ  മുഖാമുഖങ്ങളിൽ പങ്കെടുത്ത് പരാജയപ്പെടുന്നവർക്ക്  പ്രത്യേക നൈപുണ്യ പരിശീലനം നൽകി അവരെ മുഖാമുഖത്തിനും തൊഴിൽ ലഭ്യത ഉറപ്പാക്കാനും സജ്ജമാക്കുക കൂടി വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമാണ്. റാന്നിയിൽ നടന്ന  മേളയുടെ അഭിമുഖങ്ങളിൽ പരാജയപ്പെട്ടവർക്ക് തിരുവല്ലയിൽ തൊഴിൽമേളയിൽ അവസരം നൽകി.  അവിടെ പങ്കെടുത്ത പകുതിയോളം പേർക്ക് തൊഴിൽ ലഭ്യമാക്കാനുമായി.   Read on deshabhimani.com

Related News