റോഡുകൾ 
വേഗത്തിൽ



പത്തനംതിട്ട വികസന പ്രവർത്തനങ്ങൾക്ക്‌ ദിശാബോധം നൽകി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നൂറുദിന കർമ പരിപാടിയിൽ ജില്ലയിലെ റോഡുകളും പുത്തനാകുന്നു. അടിയന്തര പ്രാധാന്യത്തിൽ നടപ്പാക്കേണ്ട പദ്ധതികൾക്ക്‌ പരിഗണന നൽകി പൂർത്തിയാക്കുന്ന കർമ പരിപാടിയിലൂടെ ജില്ലയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ്‌ യാഥാർഥ്യമായത്‌. പലതും യാഥാർഥ്യമാകാൻ പോകുന്നു. അത്തരത്തിൽ നാലാം നൂറുദിന കർമ പരിപാടിയിലൂടെ ജില്ലയിൽ 25.8 കിലോമീറ്റർ റോഡ്‌ കൂടി യാഥാർഥ്യമാകാൻ പോകുന്നു. അച്ചൻകോവിൽ– പ്ലാപ്പള്ളി റോഡ്‌ നിർമാണമാണ്‌ കഴിഞ്ഞ 15ന്‌ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയിൽ ഇടം പിടിച്ചിരിക്കുന്നത്‌. നാല്‌ റീച്ചുകളായി റോഡ്‌ നിർമാണം ഉടനാരംഭിക്കും. 43.41 കോടി രൂപയാണ്‌ പദ്ധതിക്കായി സംസ്ഥാനസർക്കാർ മാറ്റിവെച്ചിരിക്കുന്നത്‌.  കൊല്ലം ജില്ലയിൽ കടമ്പ്‌പാറ ജങ്‌ഷൻ മുതൽ കല്ലേലി പാലം വരെ നീളുന്ന 15.8 കിലോമീറ്ററാണ്‌ ഒരു റീച്ച്‌. 1.5 കിലോമീറ്റർ വരുന്ന നീലിപിലാവ്‌– ടൈൽ റോഡ്‌, അഞ്ച്‌ കിലോമീറ്റർ വരുന്ന നീലിപിലാവ്‌– ചിറ്റാർ റോഡ്‌, 3.5 കിലോമീറ്റർ വരുന്ന ഉറുമ്പിനി– വാലുപാറ റോഡ്‌ എന്നിവയാണ്‌ മറ്റ്‌ റീച്ചുകൾ. കൂടാതെ സീതത്തോട്ടിൽ പുതിയ പാലവും പദ്ധതിയുടെ ഭാഗമായി നിർമിക്കും. നീലിപിലാവ്‌ – ചിറ്റാർ റോഡിന്റെയും ഉറുമ്പിനി – വാലുപാറ റോഡിന്റെയും നിർമാണം ടെൻഡർ ചെയ്‌തു. സർവേ നടപടി ആരംഭിച്ചു. അടുത്ത മാസം നിർമാണം ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. രണ്ട്‌ റോഡുകൾക്കായി മാത്രം 34 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നു. വെള്ളം കയറുന്ന സീതത്തോട്‌ പാലത്തിന്‌ പകരമായി പുതിയ പാലം നിർമിക്കുന്നതിന്റെ പ്രാരംഭ നടപടികളും ആരംഭിച്ചു. പാലത്തിന്റെ സർവേ ജോലികൾ ഞായറാഴ്‌ച നടന്നു. അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ ഇവിടെയും നിർമാണം ആരംഭിക്കും. കോന്നി ഫോറസ്റ്റ്‌ ഡിവിഷനിൽ വനഭൂമിയിലൂടെ കടന്നുപോകുന്ന കടമ്പ്‌പാറ ജങ്‌ഷൻ– കല്ലേലി പാലം റീച്ചിന്റെ സർവേ നടപടികളും പൂർത്തിയായി. റോഡ്‌ നിർമാണത്തിന്‌ 15.8 ഹെക്‌ടർ വനഭൂമി ആവശ്യമാണ്‌. ഇതിന്‌ പകരമായി റവന്യൂ ഭൂമി നൽകുന്ന മുറയ്‌ക്ക്‌ ഈ റീച്ചിന്റെയും നിർമാണം ആരംഭിക്കാനാകും. സഞ്ചാരയോഗ്യമല്ലാത്ത ഈ റോഡ്‌ താൽക്കാലികമായി സഞ്ചാരയോഗ്യമാക്കാൻ എംഎൽഎ നിർദേശവും നൽകിയിട്ടുണ്ട്‌. കേരള റോഡ്‌ ഫണ്ട്‌ ബോർഡിന്റെ ചുമതലയിൽ കിഫ്‌ബി ഫണ്ടുപയോഗിച്ച്‌ അത്യാധുനിക നിലവാരത്തിൽ 10 മീറ്റർ വീതിയിലാണ്‌ നിർമാണം. കലുങ്കുകൾ, റോഡ്‌ സുരക്ഷ സംവിധാനങ്ങൾ, ബോർഡുകൾ, സംരക്ഷണ ഭിത്തികളടക്കം ഉൾപ്പെടുന്നതാണ്‌ പദ്ധതി. നൂറുദിന പരിപാടിയുടെ ഭാഗമായി ഉടൻ തന്നെ പദ്ധതി ഉദ്‌ഘാടനം നടത്തി നിർമാണം ആരംഭിക്കും. ജില്ലയിൽ ഇത്തവണ 2062.61 കോടിയുടെ പദ്ധതികളാണ്‌ കർമ പരിപാടിയിൽ പ്രഖ്യാപിച്ചത്‌. 15 വകുപ്പുകളിലായി 27 പദ്ധതികൾ. പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിൽ 2,006 കോടിയുടെ പദ്ധതികളാണുള്ളത്‌. Read on deshabhimani.com

Related News