നിർമാണം അതിവേഗം
കോന്നി ഐരവൺ പാലം നിർമാണം പുരോഗമിക്കുന്നു. രണ്ടാംഘട്ട നിർമാണമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാടുവിലാണ് അരുവാപ്പുലം –- ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവൺ പാലത്തിന്റെ നിർമാണം തുടങ്ങിയത്. 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിന് ലഭിച്ചത്. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർമാണ ചുമതല. അരുവാപ്പുലം പഞ്ചായത്ത് വസ്തുവിലാണ് പാലം നിർമിക്കുന്നത്. അതിനാൽ എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗം മേൽനോട്ടം വഹിക്കുന്നു. കിലോമീറ്ററുകൾ ലാഭിക്കാം അരുവാപ്പുലം പഞ്ചായത്തിലെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ , ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയിലാണ് നിലവിൽ. പാലം വരുന്നതോടെ ഈ ദുരവസ്ഥ മാറും. അരുവാപ്പുലം പഞ്ചായത്തിനെ അച്ചൻകോവിലാറ് രണ്ട് കരകളായി വേർതിരിക്കുകയാണ്. ഇരുകരകളിലുമുള്ളവർ പരസ്പരം കാണണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി എത്തണം. ജനങ്ങളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ട അഡ്വ. കെ യു ജനീഷ്കുമാർ എംഎൽഎ നടത്തിയ ഇടപെടലിനെ തുടർന്നാണ് പാലത്തിന് അനുമതി ലഭിച്ചത്. പ്രദേശങ്ങൾ ഒന്നാകും അരുവാപ്പുലം, ഐരവൺ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോൾ രണ്ടായി നിന്ന പഞ്ചായത്ത് പ്രദേശം ഒന്നാകും. ഐരവൺ ഭാഗത്തുനിന്ന് ജനങ്ങൾക്ക് കോന്നി ചുറ്റാതെ പ്രധാന സ്ഥാപനങ്ങളിലെത്താം. അരുവാപ്പുലം നിവാസികൾക്ക് എളുപ്പം മെഡിക്കൽ കോളേജിലുമെത്താം. തമിഴ്നാടിനും കൊല്ലത്തിനും ഗുണമാകും അച്ചൻകോവിൽ –- പ്ലാപ്പള്ളി റോഡിൽ നിന്നുമാണ് പാലം ഐരവൺ കരയുമായി ബന്ധിപ്പിക്കുന്നത്. അതിനാൽ പാലം വരുന്നതോടെ കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് കോന്നിയിലെത്താതെ അച്ചൻകോവിൽ റോഡുവഴി മെഡിക്കൽ കോളേജിൽ എത്താം. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലുള്ളവർ മധുര മെഡിക്കൽ കോളേജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇത് 150 കിലോമീറ്റർ ദൂരെയാണ്. ഇതിന്റെ പകുതി ദൂരം യാത്ര ചെയ്താൽ കോന്നി മെഡിക്കൽ കോളേജിലെത്താം. കൊല്ലം ജില്ലക്കാർക്കും തമിഴ്‌നാട്ടുകാർക്കും കോന്നി മെഡിക്കൽ കോളേജിലേക്ക് കോന്നി ടൗണിൽ വരാതെ ഐരവൺപാലം വഴി എത്താനാവും. കോന്നിയിലുണ്ടാകാൻ സാധ്യതയുള്ള വൻ ഗതാഗത കുരുക്കിനും ഇതോടെ പരിഹാരമാകും. Read on deshabhimani.com