ബിജെപിക്ക് വോട്ടുചെയ്‌ത് യുഡിഎഫ് അംഗം
എഴുമറ്റൂര്‍ എഴുമറ്റൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് – ബിജെപി പരസ്യകൂട്ടുകെട്ട് വീണ്ടും. വ്യാഴാഴ്‌ച നടന്ന വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗം ബിജെപി അംഗത്തിന് വോട്ട് ചെയ്തത്. വികസനകാര്യ സ്ഥിരംസമിതിയില്‍ എല്‍ഡിഎഫിന് അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിലെ കെ സുഗതകുമാരിയും ബിജെപിയിലെ ശ്രീജ ടി നായരുമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. മൂന്നംഗ സ്ഥിരംസമിതിയില്‍ യുഡിഎഫ് രണ്ട്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് അംഗസംഖ്യ. യുഡിഎഫ് അംഗമായ അജികുമാറാണ് സ്വന്തം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതെ ബിജെപിയെ പിന്തുണച്ച് അധ്യക്ഷസ്ഥാനം നേടിക്കൊടുത്തത്. ഇതിനൊപ്പം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവായ കൃഷ്ണകുമാര്‍ മുളപ്പോണ്‍ ഡിസിസി അധ്യക്ഷന് എഴുതിയ കത്ത് പുറത്തുവന്നു. കോണ്‍ഗ്രസ് അംഗമായ സുഗതകുമാരി എല്‍ഡിഎഫ് പിന്തുണയോടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയാകാന്‍ ശ്രമം നടത്തുന്നതായും ഇത് തടയണമെന്നുമാണ് കത്തിലെ ആവശ്യം. എന്നാല്‍ എല്‍ഡിഎഫിന് അംഗങ്ങളില്ലാത്ത സ്ഥിരംസമിതിയില്‍ എങ്ങനെയാണ് എല്‍ഡിഎഫ് സുഗതകുമാരിയെ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് കോണ്‍ഗ്രസിനും യുഡിഎഫിനും മറുപടിയില്ല. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണസ്തംഭനം സൃഷ്ടിക്കാന്‍ ബിജെപിയുമായി പരസ്യധാരണയില്‍ ഏര്‍പ്പെട്ടാണ് കോണ്‍ഗ്രസും യുഡിഎഫും പോകുന്നത്. യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് പരസ്യമായ വോട്ട് കച്ചവടത്തിലൂടെയാണ്. യുഡിഎഫിന്റെ തൊണ്ണൂറ് വോട്ടുകളാണ് ഇത്തവണ ബിജെപിയിലേക്ക് പോയത്. പഞ്ചായത്ത് ഭരണം അസ്ഥിരപ്പെടുത്താനുള്ള യുഡിഎഫ്, ബിജെപി നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. Read on deshabhimani.com