ജെൻഡർ കാർണിവൽ 23ന്
പത്തനംതിട്ട നവംബർ 25ന് സംസ്ഥാനത്ത് കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച "നയി ചേതന' ദേശീയതല ക്യാമ്പയിൻ സമാപനത്തോടനുബന്ധിച്ച് 23ന് 58 കുടുംബശ്രീ സിഡിഎസുകളിലും ജെൻഡർ കാർണിവൽ നടത്തും. "സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും' എന്ന വിഷയത്തിൽ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് ഓപ്പൺ ഫോറത്തോടെയാകും ഓരോ സിഡിഎസിലും കാർണിവൽ ആരംഭിക്കുക. ഒരു മാസമായി സിഡിഎസുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണം, ജെൻഡർ ചാമ്പ്യൻമാരെ ആദരിക്കൽ, പോഷകാഹാര ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളും കാർണിവലിൽ അരങ്ങേറും. 58 സിഡിഎസുകളിലായി കുറഞ്ഞത് ഒന്നര ലക്ഷം സ്ത്രീകളെങ്കിലും കാർണിവലിൽ പങ്കെടുക്കും. കാർണിവൽ വൻ വിജയമാക്കാൻ കുടുംബശ്രീ അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ്, ബാലസഭാംഗങ്ങൾ എന്നിവർക്കുപുറമേ ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ വിദഗ്ധർ, സ്കൂൾ കോളേജ് വിദ്യാർഥികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും. കഴിഞ്ഞ മൂന്നാഴ്‌ചയായി അയൽക്കൂട്ട, എഡിഎസ്, സിഡിഎസ്, ഓക്സിലറി ഗ്രൂപ്പുകൾ, 45 ജെൻഡർ റിസോഴ്സ് സെന്ററുകൾ, വിജിലന്റ് ഗ്രൂപ്പുകൾ എന്നിവ കേന്ദ്രീകരിച്ച് അനവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് മാന്യവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്ന പോഷ് ആക്ട് സംബന്ധിച്ച ക്ലാസുകൾ, എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റി രൂപീകരിക്കാൻ പരിശീലനങ്ങൾ എന്നിവ ഇതിൽ മുഖ്യമാണ്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരേ പ്രത്യേക ഗ്രാമസഭകൾ, ഗ്രൂപ്പ് ചർച്ചകൾ, ജെൻഡർ ക്വിസ്, ചുവർചിത്ര ക്യാമ്പെയ്നുകൾ, പ്രതിജ്ഞയെടുക്കൽ, തെരുവു നാടകങ്ങൾ, ഫ്ലാഷ് മോബ്, ക്യാമ്പയിന്റെ ഭാഗമായി ജെൻഡർ വൈവിധ്യം എന്ന പേരിൽ ഓപ്പൺ ഫോറം പോലുള്ള പരിപാടികളും നടന്നു. Read on deshabhimani.com