അനുയോജ്യമായ സ്ഥലം ഉടന്‍
പത്തനംതിട്ട പത്തനംതിട്ടയിലെ സർക്കാർ നഴ്സിങ് കോളേജിന് കൂടുതല്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന നടപടി വേഗത്തിലാക്കി. കലക്ടറുടെ നിർദേശത്തിൽ ആറന്മുള താലൂക്ക് തലത്തിൽ കൂടുതൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന നടപടി പുരോഗമിക്കുന്നു. കെട്ടിടമായും അല്ലെങ്കിൽ സ്ഥലമായോ ലഭ്യമാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നതെന്ന് കലക്ടർ എസ് പ്രേംകൃഷ്ണൻ പറഞ്ഞു. നിലവിലെ കെട്ടിടത്തിന്റെ അപര്യാപ്തതയും അടുത്ത ബാച്ചിന്റെ പ്രവേശന നടപടി അടുത്ത മാസം ആരംഭിക്കുമെന്നതിനാലും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് എത്രയും വേഗത്തിലാക്കാൻ നിർദേശം നൽകി. നഴ്സിങ് പഠനത്തിന് സംസ്ഥാനത്ത് കൂടുതൽ സൗകര്യം ഒരുക്കണമെന്നും സർക്കാർ ഫീസിൽ തന്നെ കുട്ടികൾക്ക് നഴ്സിങ് പഠനത്തിന് പരമാവധി അവസരം ലഭ്യമാക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ തുടർന്നാണ് ജില്ലയിൽ പത്തനംതിട്ടയിലും സീതത്തോടും അടക്കം നഴ്സിങ് കോളേജുകൾക്ക് തുടക്കമായത്. സംസ്ഥാനത്ത് ആറ് പുതിയ നഴ്സിങ് കോളേജുകൾക്കാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ വര്‍ഷം അനുമതി നൽകിയത്. നിലവിൽ 60 കുട്ടികളാണ് പത്തനംതിട്ടയിൽ പഠിക്കുന്നത്. അടുത്ത ബാച്ചിലും 60 കുട്ടികൾ പ്രവേശനം നേടും. ക്ലിനിക്കല്‍ പരിശീലനത്തിന് നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് ഇത് സംബന്ധിച്ച നടപടികൾ വേഗത്തിൽ നീങ്ങുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ആദ്യ വർഷ പരീക്ഷയിൽ 90 ശതമാനം വിജയമാണ് കൈവരിച്ചത്. 60 ൽ 54 പേരും വിജയിച്ചു. കേരള നഴ്സിങ് കൗൺസിലിന്റെ അംഗീകാരവും കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരവും പത്തനംതിട്ട നഴ്സിങ് കോളേജിനുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരത്തിന് അവർ ചൂണ്ടിക്കാട്ടിയ ചില പോരായ്മകൾ പരിഹരിക്കുന്നതിന്റെ കൂടി ഭാഗമായാണ് കൂടുതൽ സൗകര്യപ്രദമായ സ്ഥലസൗകര്യം തേടുന്നത്. കൂടുതല്‍ സൗകര്യം ഒരുക്കണമെന്ന് എസ്എഫ്ഐ അടക്കം വിദ്യാര്‍ഥി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. Read on deshabhimani.com