മണ്ണിൽ പൊന്ന്‌ വിളയിക്കാൻ



കൊടുമൺ കൊടുമണ്ണിൽ നെൽകൃഷിക്ക് പാടശേഖരങ്ങൾ ഒരുങ്ങി.  അങ്ങാടിക്കൽ വടക്ക് മംഗലത്ത് ഏലായിൽ 50 ഏക്കറിലാണ്  കൃഷിയിറക്കുന്നത്. മറ്റ് ഏലാകളിലും കൃഷിയിറക്കാൻ പാകത്തിന് നിലം ഒരുങ്ങിക്കിടക്കുകയാണ്. ഇടത്തിട്ട കുമ്പിക്കോണം, ചേരുവ, ഐയ്ക്കാട്, ചെറുകര വയലുകളിലായി ഏകദേശം 110 ഹെക്ടറിലാണ് ഇക്കുറി നെൽകൃഷിയുള്ളത്. കർഷകർക്കാവശ്യമായ നെൽ വിത്തുകൾ കൃഷിഭവനിൽനിന്നും സൗജന്യമായി വിതരണം ചെയ്തു. ഏലാകമ്മിറ്റികൾ ആവശ്യപ്പെടുന്ന അളവിലുള്ള വിത്തുകളാണ് കൃഷിഭവനിൽ നിന്നും നൽകുന്നത്.  വയലൊരുക്കുന്നതിനാവശ്യമായ കക്കയും സൗജന്യമായാണ് നൽകുന്നത്. വളം സബ്സിഡി നിരക്കിലും വിതരണം ചെയ്യും. നിലം ഒരുക്കാനും വരമ്പ്  പൂട്ട് കൂലിയും മറ്റ് കൂലിച്ചെലവുകളും ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ കർഷകർക്ക് വിതരണം ചെയ്യും. പൂട്ട് കൂലി, വരമ്പ് പണി, നടീൽച്ചെലവ്, കളയെടുപ്പ് തുടങ്ങിയ വിവിധ  കൃഷിച്ചെലവുകൾക്കായി ത്രിതല പഞ്ചായത്തുകളുടെ സഹായവും കർഷകർക്ക്‌ ലഭ്യമാക്കും. കൃഷിച്ചെലവിനത്തിലുള്ള വലിയ ബാധ്യത ലഘൂകരിക്കാൻ ഇത് ഏറെ സഹായമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നെൽകൃഷിയെ ബാധിക്കുന്നതായി കർഷകർ പറയുന്നു. ഇക്കുറി കൃഷിയിറക്കുന്ന സമയത്ത് മഴ തീരെ കുറവായിരുന്നു. ഇത്‌ കാരണം വയലുകൾ പൂട്ടാൻ കഴിയാത്ത സ്ഥിതിയായി.  ഇപ്പോൾ വിത തുടങ്ങിയപ്പോൾ മഴ കൂടിയത് വെള്ളക്കെട്ടിനിടയാക്കി. കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെയും ഏലാ സമിതികളുടെയും മേൽനോട്ടത്തിലാണ് കൃഷി തുടങ്ങുന്നത്. ജൈവവളങ്ങളും നിയന്ത്രിത കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്.  നെല്ല് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സർക്കാർ നിശ്ചയിക്കുന്ന തുകയ്ക്ക് കർഷകരിൽനിന്ന് വിലയ്ക്കെടുക്കും. നെല്ല് കുത്തി അരിയാക്കി വിപണിയിൽ ഇറക്കുകയും ചെയ്യും. കൊടുമൺ റൈസ് എന്ന പേരിൽ ഇറക്കുന്ന കുത്തരിയോടൊപ്പം അരിപ്പൊടി, പുട്ട് പൊടി, ഇടിയപ്പപ്പൊടി തുടങ്ങിയ വിവിധ തരം മൂല്യവർധിത വസ്തുക്കളും വിപണനം ചെയ്യുന്നുണ്ട്‌. അങ്ങാടിക്കൽ വടക്ക് മംഗലത്ത് ഏലായിൽ നടന്ന വിതയുത്സവം ജില്ലാ പഞ്ചായത്തംഗം ബീനാ പ്രഭയും കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എ എൻ സലീമും ചേർന്ന് ഉദ്ഘാടനം ചെയ്തു.   Read on deshabhimani.com

Related News