ശുചിയാകട്ടെ ശുചിമുറികള്‍
പത്തനംതിട്ട ലോക ശുചിമുറി ദിനവുമായി ബന്ധപ്പെട്ട ക്യാമ്പയിന് ജില്ലയിലും തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പൊതു ശൗചാലയങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയെന്നതും പ്രധാന ലക്ഷ്യമാണ്. പത്തനംതിട്ടയിലെ പൊതു ശൗചാലയങ്ങളുടെ പ്രവർത്തനം വിലയിരുത്തും. പ്രവർത്തനക്ഷമമല്ലാത്ത ശൗചാലയങ്ങളെ ക്യാമ്പയിൻ കാലയളവിൽ പ്രവർത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. പൊതുശൗചാലയങ്ങളിൽ ഏർപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി അവയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് പുരസ്‌കാരവും നൽകും. പൊതു ശൗചാലയങ്ങൾക്കൊപ്പം ഗാർഹിക ശൗചാലയങ്ങൾ മെച്ചപ്പെടുത്തുന്നതും ക്യാമ്പയിന്റെ ഭാഗമാണ്. സംസ്ഥാനത്ത് പുരോഗമിക്കുന്ന ഐഎച്ച്എച്ച്എൽ പദ്ധതി കൂടുതൽ ജനവിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവിൽ വ്യക്തിഗത ശൗചാലയം ലഭ്യമല്ലാത്ത ആളുകൾക്ക് മാനദണ്ഡങ്ങളനുസരിച്ച് അവ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളിൽനിന്ന് കൂടുതൽ ഫണ്ട് ക്ഷണിച്ച് ഗുണഭോക്താക്കളെ കണ്ടെത്തി പണം കൈമാറും. പൊതുശൗചാലയ കോംപ്ലക്സുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും നടപടി പുരോഗമിക്കുകയാണ്. ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും ക്യാമ്പയിനുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കാനാണ് ശുചിത്വ മിഷൻ ആലോചിക്കുന്നത്. "ഹമാര ശൗചാലയ്: ഹമാര സമ്മാൻ' എന്നതാണ് 2024 ശുചിമുറി ദിനത്തിൽ തുടങ്ങിയ ക്യാമ്പയിന്റെ മുദ്രാവാക്യം. ശുചിത്വ സുന്ദര പത്തനംതിട്ടയെ സൃഷ്ടിക്കാനുളള നിർണായക ചുവടുവയ്പാണെന്ന് ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് പറഞ്ഞു. ഡിസംബർ 10നാണ് ക്യാമ്പയിൻ അവസാനിക്കുക. സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) പദ്ധതിക്ക് കീഴിൽ ശുചിത്വ മിഷനാണ് ക്യാമ്പയിൻ നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി കുമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിളള, മിഷൻ ഡിഇഒ ജെയിംസ് ജോർജ് എന്നിവരും പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744324071. Read on deshabhimani.com