വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു

നിരണത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞ നിലയിൽ


തിരുവല്ല  തിരുവല്ലയിൽ നിരണത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ച്‌ വിദ്യാർഥികൾ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കൾ വൈകിട്ട് നാലിന്‌ നിരണം വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം. കടപ്ര ജങ്‌ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയിൽ ലക്ഷ്മി വിലാസത്തിൽ അശോക് കുമാർ (48) ആണ് അറസ്റ്റിലായത്. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകട സ്ഥലത്തിന് സമീപം പെയിന്റിങ് നടത്തിയിരുന്ന യുവാക്കൾ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അശോക് കുമാറിനെതിരെ പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News