പണം ലഭിക്കാനുള്ള 
തടസ്സം നീങ്ങി



കോന്നി പ്രകൃതിക്ഷോഭങ്ങളിലും ദുരന്തങ്ങളിലും കൊല്ലപ്പെടുന്ന വളർത്തുമൃഗങ്ങളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാര തുക ലഭിക്കാനുള്ള തടസത്തിൽ വ്യക്തത വരുത്തി റവന്യൂ വകുപ്പ് ഉത്തരവിറക്കി. തിങ്കളാഴ്ചയാണ് ലാൻഡ്‌ റവന്യൂ കമീഷണർ ഇതുസംബന്ധിച്ച ഉത്തരവ് കലക്ടർമാർക്കും  മൃഗ സംരക്ഷണ ഡയറക്ടർക്കും കൈമാറിയത്.  പ്രകൃതിക്ഷോഭത്തെ തുടർന്ന് മൃഗസംരക്ഷണ മേഖലയിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് റവന്യൂ വകുപ്പ് ധനസഹായം നൽകുമെന്ന ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ഉത്തരവിറക്കണമെന്ന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ കത്തുകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറങ്ങിയത്.  പ്രകൃതിക്ഷോഭത്തെ തുടർന്ന് മൃഗസംരക്ഷണ മേഖലയിലുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകാത്തതിനാൽ ദുരിതബാധിതർക്ക് അർഹമായ ധനസഹായം വിതരണം ചെയ്യുന്നതിൽ മൃഗസംരക്ഷണ വകുപ്പിൽ കാലതാമസം വരുന്നതായായാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ലാൻഡ്‌ റവന്യു കമീഷണർക്ക് നൽകിയ കത്തിലെ പരാമർശം. ഈ കത്തിലെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഉത്തരവ് നൽകിയത്. 
നിലവിൽ പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന മൃഗങ്ങളുടെ നാശനഷ്ടങ്ങൾക്ക് റവന്യൂ വകുപ്പ് മുഖേന നഷ്ടപരിഹാരം നൽകുന്നില്ലെന്ന്‌ കാണിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷകർക്ക് അതത് വില്ലേജ് ഓഫീസർമാർ നൽകണമെന്ന നിർദേശമാണ്‌ കലക്ടർമാർക്ക്‌ നൽകിയത്‌.  പുതിയ ഉത്തരവ് പ്രകൃതിദുരന്ത ബാധിതർക്ക് ഏറെ ഗുണകരമാകും. വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകി റവന്യൂ വകുപ്പിൽ നിന്നും ധനസഹായം ലഭിക്കുന്നതല്ലന്ന സാക്ഷ്യപത്രം മൃഗസംരക്ഷണവകുപ്പിന് കൈമാറിയാൽ അർഹമായ നഷ്ടപരിഹാര തുക കാലതാമസം കൂടാതെ ദുരന്തബാധിതർക്ക് ലഭിക്കും. ധനസഹായം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും  ഉത്തരവിലൂടെ ഇല്ലാതാകും. Read on deshabhimani.com

Related News