ഗുണഭോക്തൃ സംഗമം പൂർത്തിയായി
പത്തനംതിട്ട എല്ലാ ലൈഫ് ഗുണഭോക്താക്കളിലേക്കും ശൗചാലയം എത്തിക്കുക ലക്ഷ്യമിട്ട് വിപുലമായ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ച് ജില്ലാ ശുചിത്വ മിഷൻ. ജില്ലയിലെ പഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ശൗചാലയത്തിന് പണം ലഭ്യമാകാത്ത നിരവധി ഗുണഭോക്താക്കളുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് വിപുലമായ രീതിയിൽ ബ്ലോക്കുതല ഗുണഭോക്തൃ സംഗമം നടത്തിയത്. സംഗമത്തിന് ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗുണഭോക്താക്കൾക്ക് എസ്ബിഎം (ഗ്രാമീൺ) ഫണ്ടിൽ ഉൾപ്പെടുത്തി 12,000 രൂപ ലഭിക്കും. ജില്ലയിലെ എല്ലാവർക്കും അടച്ചുറപ്പുളളതും വൃത്തിയുളളതുമായ ശൗചാലയം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്. പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ലൈഫ് ഗുണഭോക്താക്കളാണെങ്കിൽ അവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മറ്റ് തടസ്സങ്ങളൊന്നും ഇല്ലാതെ തന്നെ തുക ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി. വാർഷിക പദ്ധതിയിൽ ഉൾപ്പെടാത്ത ഗുണഭോക്താക്കൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഫണ്ട് ലഭ്യമാകുന്നതിന് ആവശ്യമായ പദ്ധതി അതാത് തദ്ദേശ സ്ഥാപനങ്ങളെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ഉചിതമായ നടപടിയും സംഗമത്തിൽ സ്വീകരിച്ചു. ഇലന്തൂർ, പന്തളം, മല്ലപ്പള്ളി, പറക്കോട്, കോന്നി, റാന്നി, പുളിക്കീഴ്, കോയിപ്രം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ സംഗമം നടന്നു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സംഗമം പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ നടന്ന സംഗമത്തിൽ ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് വിഷയാവതരണം നടത്തി. Read on deshabhimani.com