പുലി കൂട്ടിലായി



കൂടൽ ജനവാസ മേഖലയിൽ ഭീതിപരത്തിയ പുലി കൂട്ടിലായി.  കൂടൽ ഇഞ്ചപ്പാറ പാക്കണ്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ പുലിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ്‌ അധികൃതരെത്തി പുലിയെ ഏറ്റെടുത്തു .  ഡോക്ടറുടെ പരിശോധനയ്ക്ക്‌ ശേഷം പെരിയാർ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ കക്കി വനമേഖലയിൽ തുറന്നു വിടുന്നതിനായി കൊണ്ടുപോയി. കൂടൽ, പാക്കണ്ടം മേഖലയിൽ നിന്ന് അടുത്ത കാലത്തായി മൂന്ന് പുലിയെ വനംവകുപ്പ്‌ ജീവനക്കാർ കൂട്ടിലാക്കിയിരുന്നു.  പുലി നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും പിടിച്ചു തിന്നുകയും ചെയ്തിരുന്നു. കാലിത്തൊഴുത്തിലും ആട്ടിൻകൂട്ടിലും പുലികയറിയിറങ്ങാൻ തുടങ്ങിയതോടെ ഗ്രാമം ഒന്നാകെ പുലിപ്പേടിയിലായി.  അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ  ഇടപെട്ടതിനെ തുടർന്ന്‌ ഇഞ്ചപ്പാറ,പാക്കണ്ടം, കുളത്തു മൺ,അതിരുങ്കൽ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ സഞ്ചാരം കണ്ടെത്താൻ വനംവകുപ്പ്‌ ക്യാമറ സ്ഥാപിച്ചു. നിരന്തരം പുലിയെത്തുന്ന വിവിധ സ്ഥലങ്ങളിൽ പുലിയെപ്പിടിക്കാൻ കൂടി സ്ഥാപിച്ചും നിരീക്ഷണം ശക്തിപ്പെടുത്തിയതോടെയാണ് പുലി കൂട്ടിലായത്. കഴിഞ്ഞ കുറെക്കാലമായി ഇഞ്ചപ്പാറ, പാക്കണ്ടം അതിരുങ്കൽ പ്രദേശങ്ങളിൽ പുലി ശല്യം കാരണം ജനജീവിതം ദുരിതത്തിലായിരുന്നു. വളർത്തുമൃഗങ്ങളെ പുറത്തിറക്കാതെയായി. ജനങ്ങളുടെ ജീവിതോപാധിയായ റബ്ബർ ടാപ്പിങ് ഉപേക്ഷിച്ചു. അടുത്തടുത്ത് വീടുകളും മറ്റ് വ്യാപാര സ്ഥലങ്ങളും ഉള്ള സ്ഥസ്ഥലങ്ങളിലും  പകൽപ്പോലും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ ആളുകൾ ഭയപ്പെട്ടിരുരുന്നു.  പുലികൾ ഒന്നൊന്നായി കൂട്ടിലകപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഗ്രാമവാസികൾ. ജനവാസ മേഖലയിൽ ഭീതിപരത്തിയ പുലി കൂട്ടിലായി.   Read on deshabhimani.com

Related News