മുഖ്യ കണ്ണികൾ അറസ്റ്റിൽ



പത്തനംതിട്ട  മൊബൈൽ ആപ്പിലൂടെ പന്തളം സ്വദേശികളുടെ പണം തട്ടിയ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണികൾ പിടിയില്‍.  മലപ്പുറം കണ്ണമംഗലം പടപ്പറമ്പ്  ചേറൂർ തറമണ്ണിൽ വീട്ടിൽ മുസമ്മിൽ (36), കോഴിക്കോട് കുരുവട്ടൂർ ചെറുവട്ട പറമ്പിൽ ഒറയനാരി ധനൂപ് (44) എന്നിവരെയാണ് പന്തളം  പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പിടികൂടിയത്.  പന്തളം തോന്നല്ലൂർ ദീപുസദനത്തിൽ ദീപു ആർ പിള്ളയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഷെയർ മാർക്കറ്റ് ആണെന്ന് പരിചയപ്പെടുത്തി ഐസിഐസിഐ   ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചു. തുടർന്ന്, നിതീഷ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് 4,26,100 രൂപ  തട്ടിയെടുത്ത  കേസിലാണ് മുസമ്മിൽ അറസ്റ്റിലായത്. ഇയാൾക്ക് മലപ്പുറം വേങ്ങര സ്റ്റേഷൻ പരിധിയിലും സാമ്പത്തിക തട്ടിപ്പിന് കേസുണ്ട്.  നിലവിൽ അഞ്ച്  ബാങ്കുകളിൽ അക്കൗണ്ട് ഉണ്ട്. കുരമ്പാല ഗോപൂദനത്തിൽ കെ കെ സന്തോഷിനെ വാട്സാപ്പിലൂടെ പരിചയപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ സ്റ്റോക്ക് ബ്രോക്കിങ്  ആണെന്ന് പരിചയപ്പെടുത്തി ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് പലതവണയായി 10,49,107 രൂപ തട്ടിയെടുത്ത കേസിലാണ് ധനൂപിന്റെ അറസ്റ്റ്. ഇയാൾക്ക് മൂന്ന് ബാങ്ക് അക്കൗണ്ടുകളുണ്ട്.  അടൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച്ഒ ടി ഡി പ്രജീഷ്, എസ് ഐ അനീഷ് എബ്രഹാം, എഎസ്ഐ ബി ഷൈൻ, സിപിഒമാരായ ശരത്ത് പിള്ള, ടി എസ് അനീഷ് , എസ് അൻവർഷ, ആർ രഞ്ജിത്ത് എന്നിവരങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News