വിദ്യാഭ്യാസ വായ്പാ നിഷേധം കൂടുന്നു



പത്തനംതിട്ട  വിദ്യാഭ്യാസ വായ്പകൾ, കാർഷിക വായ്പകൾ, മുദ്ര ലോണുകൾ, എന്നിവയുടെ അപാകത പരിഹരിക്കാൻ ജില്ലയില്‍ അദാലത്ത്  നടത്താൻ തീരുമാനം. ഒക്ടോബർ അവസാനവാരമാകും അദാലത്ത് നടത്തുക. ജില്ലാ ബാങ്കിങ് അവലോകന യോഗത്തിലാണ് തീരുമാനം.  സ്ഥിരമായി വിദ്യാഭ്യാസ വായ്പ പോലും കൊടുക്കാത്ത  സ്വകാര്യ ബാങ്കുകൾ ജില്ലയിലുണ്ടെന്ന്‌ യോ​ഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഈ ബാങ്കുകളെ പ്രത്യേകമായി ചർച്ചയ്ക്ക് വിളിക്കാനും നിർബന്ധമായും  വായ്പ  നല്‍കാന്‍ വേണ്ട നിര്‍ദേശം നല്‍കാനും  തീരുമാനിച്ചു. ഏറ്റവും കൂടുതൽ നിക്ഷേപം ലഭിക്കുന്ന ജില്ലയിൽ തങ്ങളുടെ സിഎസ്ആർ ഫണ്ടിന്റെ ആനുപാതിക വിഹിതം ഒരു ബാങ്കും  വിനിയോഗിക്കുന്നില്ല. തൊഴിലിനുവേണ്ടി ഈ ജില്ലവിട്ട് യുവതലമുറ പലായനം ചെയ്യുമ്പോൾ ഇവിടെ വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് പോലും വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാകുന്നില്ലെന്ന് യോ​ഗത്തില്‍ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ഷെഡ്യൂള്‍ഡ് ബാങ്ക് നിക്ഷേപം 63,327 കോടി രൂപയാണ്.  2024–-25  സാമ്പത്തികവർഷം ആദ്യപാദത്തിൽ ജില്ലയിലെ ബാങ്കുകൾ, വായ്പാ വിതരണ ലക്ഷ്യത്തിന്റെ 31 ശതമാനം നേട്ടം കൈവരിച്ചു. കാർഷികമേഖലയിൽ 1,835 കോടിയും വ്യാപാര വ്യവസായ മേഖലയിൽ 842 കോടിയും ഭവന, വിദ്യാഭ്യാസ മേഖലയിൽ 97 കോടിയുമടക്കം മുൻഗണനാ വായ്പകൾ 2,774 കോടി രൂപയാണ് ബാങ്കുകൾ വിതരണം ചെയ്തത്.  മറ്റു വായ്പകൾ 1,308 കോടി രൂപ  വിതരണം ചെയ്തു. ആന്റോ ആന്റണി എംപി, കലക്ടർ എസ് പ്രേം കൃഷ്ണൻ, ആർബിഐ എൽഡിഒ സബിത് സലിം, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, നബാർഡ് ഡിഡിഎം എച്ച് വിഷ്ണു, എസ്ബിഐ ചീഫ് മാനേജർ എസ് സുനീർ, ഡിഐസി ജനറൽ മാനേജർ അനിൽ കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News