കപ്പുയർത്തി പുല്ലാട്
കൊടുമൺ കഴിഞ്ഞ വർഷം കേവലം ആറ് പോയിന്റുകൾക്ക് കൈവിട്ട ഓവറോൾ ചാമ്പ്യൻഷിപ്പ് തിരികെ പിടിച്ച് പുല്ലാട് ഉപജില്ല. നാല് വർഷമായി തുടർച്ചയായി കൊണ്ടുനടന്ന ചാമ്പ്യൻഷിപ്പ് പത്തനംതിട്ടയിൽ നിന്ന് വൻ ലീഡോടെ തിരികെ പിടിച്ചാണ് പുല്ലാട് മൈതാനം വിട്ടത്. മൂന്ന് ദിവസമായി കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കായിക മേളയിൽ ആദ്യദിനം മുതൽ പുല്ലാടിന്റെ കുതിപ്പായിരുന്നു. ഒരിക്കൽപോലും പോയിന്റ് പട്ടികയിൽ താഴേക്ക് പോയില്ല. 231 പോയിന്റുനേടി സമഗ്രാധിപത്യത്തോടെ പുല്ലാട് ഓവറോളിൽ മുത്തമിട്ടു. 158 പോയിന്റുമായി പത്തനംതിട്ട രണ്ടാമതും 129 പോയിന്റുമായി റാന്നി മൂന്നാമതുമെത്തി. സ്‌കൂൾ വിഭാഗത്തിൽ പതിവ് തെറ്റിക്കാതെ മറ്റുള്ളവരെ നിഷ്‌പ്രഭമാക്കി ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്‌എസ്‌എസ് ഓവറോൾ ചാമ്പ്യൻമാരായി. 115 പോയിന്റുമായി തുടർച്ചയായ 15–ാം തവണയാണ് സ്‌കൂൾ ഒന്നാംസ്ഥാനം നിലനിർത്തുന്നത്. 63 പോയിന്റുമായി കുറിയന്നൂർ എംടി എച്ച്‌എസ് രണ്ടാംസ്ഥാനം നേടി. പുല്ലാട് ഉപജില്ല ആകെ നേടിയ 231 പോയിന്റിൽ 178 പോയിന്റും സെന്റ് ജോൺസിലെയും എംടിഎച്ച്‌എസിലെയും താരങ്ങളുടെ സംഭാവനയാണ്. 47 പോയിന്റുമായി കിടങ്ങന്നൂർ എസ്‌വിജിവി എച്ച്‌എസ്‌എസ് സ്‌കൂൾ തലത്തിൽ മൂന്നാംസ്ഥാനം നേടി. വ്യാഴാഴ്‌ച മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് മത്സരങ്ങൾ ആരംഭിച്ചത്. ഉച്ചയ്‌ക്ക് ശേഷം മഴ പെയ്‌തെങ്കിലും മത്സര നടത്തിപ്പിനെ ബാധിച്ചില്ല. മഴയിലും മത്സരങ്ങൾ ആവേശം തണുക്കാതെ മുന്നേറി. മത്സര ശേഷം നടന്ന സമാപന യോഗത്തിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്‌തു. സമാപനയോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സമ്മാനവും അദ്ദേഹം വിതരണം ചെയ്തു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ കെ കെ ശ്രീധരൻ അധ്യക്ഷനായി. Read on deshabhimani.com