സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുന്നു
കോഴഞ്ചേരി തിരുവല്ല –-- കുമ്പഴ റോഡിൽ കോഴഞ്ചേരിയിൽ പഴയ പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് നിന്നും ആരംഭിച്ച് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എത്തുന്ന റോഡിൽ പമ്പയാറിന് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന് 198.8 മീറ്റർ നീളവും ഇരുവശത്ത് നടപ്പാതയോടു കൂടി 12 മീറ്റർ വീതിയും ഉണ്ടാകും. ആറിന് നടുവിൽ 32 മീറ്റർ നീളത്തിൽ നാല് സ്പാനുകൾ ഉള്ള ആർച്ച് ബ്രിഡ്ജും ഇരുകരകളിലുമായി 23.6 മീറ്റർ നീളത്തിൽ ഉള്ള 3 ലാൻഡ് സ്പാനുകളുമായാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ട് ആർച്ച് സ്പാനുകളുടെ പണി ഇതിനകം പൂർത്തിയായി. മാരാമൺ ഭാഗത്തെ സർവീസ് റോഡിന്റെയും അപ്രോച്ച് റോഡിന്റെയും സംരക്ഷണ ഭിത്തിയുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്. മൂന്ന് സംരക്ഷണ ഭിത്തികളാണ് മാരാമൺ ഭാഗത്തുള്ളത്. ഇതിൽ സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തിയുടെ പണി പൂർത്തിയായി. ഇനിയുള്ളത് അപ്രോച് റോഡിന്റെ രണ്ട് സംരക്ഷണ ഭിത്തികകളുടെ പണിയാണ്. ഇതിൽ ഒന്നിന്റെ പണി പുരോഗമിക്കുന്നു. ഒരു വർഷത്തിനുള്ളിൽ പാലം പണി പൂർത്തിയാകും വിധമാണ് പണി നടക്കുന്നത്. കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നദിയിലൂടെ ഒലിച്ചുവന്ന തടിയും മറ്റും പുതിയ പാലത്തിന്റെ നദിയിലെ പില്ലറിൽ തങ്ങി നിന്നു. ഇത് നീക്കം ചെയ്യാനുള്ള നടപടി ഉടനെ ഉണ്ടാകുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ പാലം പണി പൂർത്തിയാകുന്നതോടെ നിലവിലുള്ള സംസ്ഥാനപാതയായ തിരുവല്ല- കുമ്പഴ റോഡിൽ കോഴഞ്ചേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകും. Read on deshabhimani.com