അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌

കടുവയെ കണ്ട അജിയും മകൻ അജിത്തും


റാന്നി കടുവയുടെ മുന്നിൽ അകപ്പെട്ട അച്ഛനും മകനും രക്ഷപ്പെട്ടത് തലമുടി നാരിരയ്ക്ക്. വടശ്ശേരിക്കര ചമ്പോണിൽ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് വടശ്ശേരിക്കര ചമ്പോൺ കാവിൽ അജിയും മകൻ അജിത്തും കടുവയുടെ മുമ്പിൽ അകപ്പെട്ടത് . ചമ്പോണിൽ നിന്നും കോന്നാത്ത് പടിയിലേക്കുള്ള പഞ്ചായത്ത് റോഡിൽ വച്ചാണ് സംഭവം. ബന്ധുവീട്ടിൽ ആയിരുന്ന മകനെ വിളിക്കാനാണ് അജി ഇവിടെ എത്തിയത്. ബൈക്ക് വീട് വരെ എത്താത്തതിനാൽ റോഡിലേക്ക് ഇറങ്ങി നിൽക്കാൻ അജി മകനോട് ഫോണിൽ കൂടി ആവശ്യപ്പെടുകയായിരുന്നു. മകൻ ബൈക്കിന് പിന്നിൽ കയറിയപ്പോൾ തൊട്ടടുത്ത റബർ തോട്ടത്തിൽ നിന്നും കാട് ഇളകുന്നത് കണ്ടു. കാട്ടുപന്നിയാകും എന്ന് കരുതി നോക്കുമ്പോൾ കടുവ ബൈക്കിന് പിൻ ഭാഗത്തേക്ക് ചാടി വീഴുകയായിരുന്നു. സ്റ്റാർട്ടായി നിന്ന ബൈക്ക് പെട്ടന്ന് മുമ്പോട്ട് എടുത്ത് അമിതവേഗത്തിൽ ഓടിച്ചാണ് കടുവയിൽ നിന്ന് രക്ഷപ്പെട്ടത്. അല്പം ദൂരം കടുവ ബൈക്കിനെ പിന്തുടർന്നെങ്കിലും പിന്നെ കാണാൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം കടുവയെ കണ്ട ഭാഗത്തുനിന്നും രണ്ടര കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. വടശ്ശേരിക്കര ടൗൺ ഉൾപ്പെടുന്ന ഭാഗമാണ് ഇത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കടുവയെ കണ്ടത് എല്ലാവരെയും പരിഭ്രാന്തിയിൽ ആഴ്‌ത്തിയിരിക്കുകയാണ്. മൃഗത്തിന്റെ കാൽപ്പാടും തോട്ടങ്ങളിൽ കണ്ടു. എന്നാൽ വനം വകുപ്പ് ഇത് കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. Read on deshabhimani.com

Related News