വള്ളസദ്യയും പഞ്ചപാണ്ഡവ 
ക്ഷേത്രയാത്രയും രണ്ടിന് സമാപിക്കും



കോഴഞ്ചേരി  ആറന്മുള പള്ളിയോട  സേവാ സംഘവും കെഎസ്ആർടിസിയും സംയുക്തമായി നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്രയാത്രയും വള്ളസദ്യയും ഒക്ടോബർ രണ്ടിന് സമാപിക്കും. കെഎസ്ആർടിസി സെപ്‌തംബർ 25 വരെ 134 ട്രിപ്പുകളാണ് നടത്തിയത്.  ഒക്ടോബർ രണ്ടോടെ 170 ട്രിപ്പുകളിലായി എണ്ണായിരത്തോളം ആളുകൾ ബജറ്റ് ടൂറിസം തീർഥയാത്രയുടെ ഭാഗമായി ആറന്മുളയിൽ എത്തിച്ചേരുമെന്ന്  കെഎസ്ആർടിസി കോ ഓർഡിനേറ്റർ സന്തോഷ് കുമാർ പറഞ്ഞു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് തീർഥയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്.  കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആളുകളുടെ വർധനവ് കാരണം സെപ്‌തംബർ 28, 29 തീയതികളിൽ എട്ട്‌ ബസ്സുകൾ  വീതവും  ഒക്ടോബർ രണ്ടിന് 12 ബസ്സുകൾ വീതവും ആറന്മുളയിൽ എത്തിച്ചേരും. ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ ഉള്ളപ്പോൾ മാത്രമാണ് ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10.30 ഓടെ ക്ഷേത്രത്തിൽ എത്തുന്ന സംഘത്തിന് ക്ഷേത്രവും മധുക്കടവിൽ പള്ളിയോടങ്ങളുടെ വരവും ചടങ്ങുകളും നേരിട്ട് ദർശിക്കാം. തുടർന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ ആറന്മുള വള്ളസദ്യ കഴിച്ച് വിശ്രമത്തിനു ശേഷമാണ് മടക്കയാത്ര.  വള്ളസദ്യയുടെ പെരുമ കുറയാതിരിക്കാൻ അഞ്ചു പേരടങ്ങുന്ന വഞ്ചിപ്പാട്ട് കലാകാരന്മാർ പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയുടെ ഭാഗമായി എത്തുന്നവർക്ക് വിഭവങ്ങൾ പാടി ചോദിക്കുന്നതിനായി  സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ പറഞ്ഞു. Read on deshabhimani.com

Related News