സ്വപ്‌നം കൈക്കുമ്പിളിൽ

തൊഴിൽമേളയിൽ അഭിമുഖത്തിന് എത്തിയ ഉദ്യോഗാർഥികൾക്ക് ടോക്കൺ എടുക്കാൻ സജ്ജീകരിച്ച കൗണ്ടറിലെ തിരക്ക്


പത്തനംതിട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി വിജ്ഞാന പത്തനംതിട്ട തൊഴിൽ മേള. മലയാലപ്പുഴ മുസലിയാർ കോളേജ്‌ ഓഫ്‌ എൻജിനീയറിങ്‌ ക്യാമ്പസിൽ നടന്ന മേള നിരവധി ചെറുപ്പക്കാരുടെ തൊഴിൽ മോഹത്തിന്‌ സാക്ഷാത്‌കാരമേകി.  ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി പങ്കെടുത്തത്‌ നിരവധി പേർ. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല മേള  ഉദ്ഘാടനം ചെയ്‌തു. ഡിഡബ്ല്യുഎംഎസ്‌ പോർട്ടലിലൂടെയും സ്‌പോട്ട്‌ രജിസ്‌ട്രേഷനിലൂടെയും 713 പേരാണ്‌ മേളയിൽ രജിസ്റ്റർ ചെയ്‌തത്‌. രാജ്യത്തെ വിവിധ മേഖലകളിൽനിന്ന് പ്രമുഖരായ മുപ്പത്‌ കമ്പനികൾ പങ്കെടുത്തു. നേരിട്ട്‌ 17 കമ്പനികളും ഓൺലൈനായി 13 കമ്പനികളുമാണ്‌ പങ്കെടുത്തത്‌. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ്ഗ്രാജുവേഷൻ, എൻജിനീയറിങ്ങ്, നഴ്സിങ്ങ്, ഒപ്റ്റൊമെട്രി തുടങ്ങിയ പ്രൊഫഷണൽ തൊഴിലവസരങ്ങൾ മേളയിൽ സാധ്യമാക്കിയിരുന്നു. ഉദ്യോഗാർഥികളെ നേരിട്ടും ഓൺലൈനായും അഭിമുഖം നടത്തി ജോലി നൽകി. മുസലിയാർ കോളേജ് ക്യാമ്പസിലെ പ്രധാന  ഓഡിറ്റോറിയത്തിൽ രജിസ്റ്റർ ചെയ്തവർക്കുള്ള ടോക്കൺ നൽകുന്നത് രാവിലെ 8.30ന് തുടങ്ങി. മെയിൻ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്‌, ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്സ് ബ്ലോക്ക്‌, കമ്പ്യൂട്ടർ സയൻസ്‌ ബ്ലോക്ക്‌ എന്നിവിടങ്ങളിൽ മുഖാമുഖം നടന്നു. വ്യാഴം രാവിലെ 10ന് തുടങ്ങിയ അഭിമുഖം വൈകിട്ടുവരെ നീണ്ടു. രാവിലെ തന്നെ വിവിധ സ്ഥലങ്ങളിൽനിന്ന്‌ ഉദ്യോഗാർഥികളും രക്ഷിതാക്കളും മേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.  ഉദ്യോഗാർഥികൾക്കായി പത്തനംതിട്ട കെഎസ്‌ആർടിസി സ്റ്റാൻഡിൽ നിന്നും കുമ്പഴ ജങ്‌ഷനിൽ നിന്നും കോളേജ്‌ ബസ്‌ സൗകര്യവും ഒരുക്കി. തൊഴിലന്വേഷകർക്ക് വേണ്ട സഹായങ്ങളും നിർദേശങ്ങളുമായി വിജ്ഞാന പത്തനംതിട്ട പ്രവർത്തകരും കുടംബശ്രീ പ്രവർത്തകരും കോളേജ്‌ എൻഎസ്‌എസ്‌ വളന്റിയർമാരും രംഗത്തുണ്ടായി.     Read on deshabhimani.com

Related News