വിശദ റിപ്പോര്‍ട്ട് ഒന്നിന് കൈമാറും
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്കിന്റെ അറ്റക്കുറ്റപ്പണി സംബന്ധിച്ച് പരിശോധന നടത്തിയ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ വിദഗ്ദ സംഘം ആഗസ്ത് ഒന്നിന് വിശദ പദ്ധതി റിപ്പോർട്ട് കൈമാറും. നിലവിലെ കെട്ടിടം നിലനിർത്തി ബലപ്പെടുത്താനുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ നാല് നിലയും വിശദമായി പരിശോധിച്ചാണ് സംഘം പദ്ധതി തയ്യാറാക്കുന്നത്. കെട്ടിടം പൊളിക്കാതെ തന്നെ ആവശ്യമായ അറ്റക്കുറ്റപ്പണി നടത്തി കൂടുതൽ മെച്ചപ്പെട്ട വിധത്തിൽ സജ്ജീകരണം ഒരുക്കാമെന്നാണ് സമിതിയുടെ വിലയിരുത്തൽ. കോളേജിലെ വിദഗ്ദ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അറ്റക്കുറ്റപ്പണികള്‍ക്ക് ടെന്‍ഡര്‍ നടപടി സ്വീകരിക്കും. ആഗസ്ത് ഒന്നിന് ആശുപത്രിയിലെത്തുന്ന സംഘം പദ്ധതി സംബന്ധിച്ച പവർ പോയിന്റ് പ്രസന്റേഷനടക്കമാണ് അവതരിപ്പിക്കുക. കെട്ടിടത്തിന്റെ അറ്റക്കുറ്റപ്പണിക്ക് സംസ്ഥാന സർക്കാർ നാല് കോടി രൂപ നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിട നിർമാണത്തോടനുബന്ധിച്ച് പൈലിങ് ജോലി നടക്കുന്നത് ബി ആൻഡ് സി ബ്ലോക്കിന് ഒരു തരത്തിലും ബാധിക്കുന്നില്ല. സമീപത്തെ ഒരു കെട്ടിടത്തിനും പോറലേൽപ്പിക്കാത്ത വിധത്തില്‍ ആധുനിക സംവിധാനത്തിലുള്ള പൈലിങാണ് നടക്കുന്നത്. പൈലിങ് നടക്കുന്നതിന് സമീപത്ത് എ ബ്ലോക്കാണ് ഉള്ളത്. ആ കെട്ടിടത്തിനും ഒരു തരത്തിലും പൈലിങ് ജോലി ബാധിച്ചിട്ടില്ല. പുതിയ കെട്ടിട നിർമാണത്തിനിടയിലും ആശുപത്രിയിലെ പ്രവർത്തനത്തിന് ഒരു കുറവും വരുത്താതെയാണ് ദൈനംദിന പ്രവർത്തനം തുടർന്ന് വരുന്നത്. കിടക്കകളുടെ എണ്ണത്തിൽ നാൽപ്പതോളം കുറവ് വന്നത് മാത്രമാണ് കെട്ടിടം പൊളിച്ചതിനെ തുടർന്ന് പോരായ്മ വന്നത്. പുതിയ കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ ജനറല്‍ ആശുപത്രിയിലെ കിടക്കുകളുടെ എണ്ണം നാനൂറിലധികമാകും. Read on deshabhimani.com