അറവുശാലാ കെട്ടിടം നശിക്കുന്നു
കോന്നി നാരായണപുരം ചന്തയിൽ ആധുനിക അറവുശാലയ്ക്ക് വേണ്ടി നിർമിച്ച കെട്ടിടം കാടുമൂടി നശിക്കുന്നു. 14 വർഷം മുമ്പ് എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ചന്തയിൽ ആധുനിക അറവുശാലയ്ക്കായി കെട്ടിടം നിർമിക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ പണികൾ ആരംഭിച്ച് കട്ടിള നിരപ്പു വരെ ഉയരത്തിൽ കെട്ടിടം പണിത് ബെൽറ്റ് വാർത്തു. ബജറ്റിൽ കൂടുതൽ തുക വകയിരുത്തി തുടർ നിർമാണം ആരംഭിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണത്തിലെത്തുന്നത്. മഴയും, വെയിലും കൊണ്ട് ഭിത്തികൾ ബലക്ഷയമായി കൊണ്ടിരിക്കുകയാണന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും പ്രതിപക്ഷവും, നാട്ടുകാരും ആവശ്യപ്പെട്ടിട്ടും ഭരണ സമിതി അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു. ലക്ഷങ്ങൾ മുടക്കി നിർമാണം ആരംഭിച്ച അറവുശാല ഇന്ന് കാട് മൂടി നശിച്ചു കിടക്കുകയാണ്. എൽഡിഎഫ് ഭരണസമിതി തുടങ്ങിയ വികസന പദ്ധതിയെന്ന കാരണത്താലാണ് ഒന്നര പതിറ്റാണ്ടായി പദ്ധതിയെ ഇല്ലായ്മ ചെയ്തത്. ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ, ബയോഗ്യാസ് പ്ലാന്റ് അടക്കം സമാനമായി അറ്റകുറ്റപ്പണികൾ നടത്താതെ നശിപ്പിച്ചു കളയുകയായിരുന്നു. കോന്നിയിൽ അംഗീകൃത അറവുശാല ഇല്ല. പത്തനംതിട്ട, പത്തനാപുരം അറവുശാലകളിൽ നിന്നും കന്നുകാലികളെ കശാപ്പ് ചെയ്ത് മാംസം ഇവിടെ എത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. അനധികൃതമായി വൃത്തിഹീനമായ സ്ഥലത്ത് കന്നുകാലികളെ കശാപ്പ് ചെയ്ത് ഇറച്ചിക്കച്ചവടം നടത്തുന്നതിനെതിരെ പരാതികളും, പ്രതിഷേധങ്ങളും ഉണ്ടായതിനെ തുടർന്നാണ് ചന്തയിലെ മാട്ടിറച്ചിക്കച്ചവടം നിരോധിച്ചത്. പിന്നീട് പൂവൻപാറയിൽ ഇറച്ചിക്കട പ്രവർത്തനം ആരംഭിച്ചെങ്കിലും, അറവുശാല ഇല്ലാത്തതിനാൽ കടയുടെ പുറകുവശത്തെ തുറസായ സ്ഥലത്ത് കശാപ്പ് നടത്തിയതിനെതിരെ പ്രദേശവാസികൾ സംഘടിക്കുകയും ഇത് തടയുകയും ചെയ്തിരുന്നു. പിന്നീട് ഇവിടെ അറവ് ആരംഭിക്കുകയും പഞ്ചായത്ത് അനുമതി നൽകുകയുമായിരുന്നു. ഇതോടെ നാരായണപുരം ചന്തയിലെ ഇറച്ചി കച്ചവടം നിലച്ചു. അറവുശാല നിർമിച്ച് ഇറച്ചിക്കട ലേലം ചെയ്തു നൽകിയാൽ പഞ്ചായത്തിന് 10 ലക്ഷം മുതൽ 20 ലക്ഷം വരെ വരുമാനം ലഭിക്കും. പഞ്ചായത്തിന്റെ പത്ത് ലക്ഷവും, ശുചിത്വ മിഷന്റെ 20 ലക്ഷവുമാണ് അറവുശാലയുടെ നിർമാണത്തിന് അനുവദിച്ചിരുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടിയ അറവുശാല നിർമിക്കാനായിരുന്നു പദ്ധതി. ഫണ്ട് വിനിയോഗിച്ചിട്ടില്ലാത്തതിനാൽ ശുചിത്വമിഷന്റെ 20 ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ടി വന്നു. നാരായണപുരം ചന്തയെ സജീവമാക്കിയിരുന്ന മത്സ്യ മാർക്കറ്റിനു പിന്നാലെ ഇറച്ചികച്ചവടവും പടിയിറങ്ങുകയാണ്. എല്ലാം ചന്തയ്ക്ക് പുറത്ത് പ്രവർത്തിക്കാൻ അനുമതി നൽകി പഞ്ചായത്ത് നാരായണപുരം ചന്തയെ തകർക്കുകയാണെന്നാണ് ആക്ഷേപം. Read on deshabhimani.com