മെയ് മാസത്തിനകം 
നിർമാണം പൂർത്തിയാക്കും



പത്തനംതിട്ട പത്തനംതിട്ട -അബാന്‍ മേല്‍പ്പാലത്തിന്റെ നിർമാണം 2025 മെയ്‌ മാസത്തിനുള്ളിൽ പൂർത്തിയാക്കും. മേല്‍പ്പാലത്തിന്റെയും ജില്ലാ സ്റ്റേഡിയത്തിന്റെയും നിര്‍മാണ പുരോഗതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.  മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സര്‍വ്വയര്‍മാരെ നിയോഗിക്കണം.  സര്‍വ്വയര്‍മാരുടെ കുറവ് അടിയന്തരമായി നികത്താൻ നടപടി സ്വീകരിക്കണം. യൂട്ടിലിറ്റി ഷിഫ്റ്റിങ് ജോലികൾ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കെഎസ്ഇബിയോട് മന്ത്രി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ട്രാന്‍സ്‌ഫോമറിന്റെ പോസ്റ്റുകളും ലൈനുകളും മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ഇബി. എക്‌സിക്യുട്ടീവ് എൻജിനീയര്‍ അറിയിച്ചു. മേല്‍പ്പാലത്തിന്റെ ആരംഭ ഭാഗത്തെ റീട്ടെയിനിങ് വാളിന്റെ നിർമാണത്തിന്‌  തടസ്സമായി നില്‍ക്കുന്ന പൈപ്പുകള്‍ മൂന്ന്‌ ദിവസത്തിനകം മാറ്റിത്തരാമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയര്‍ അറിയിച്ചു. നിര്‍മാണ പുരോഗതി കൃത്യമായി വിലയിരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.  പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം 2025 ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. കിഫ്ബി ഫൈനല്‍ ഡിസൈന്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നല്‍കണം. ഈ ആഴ്ച തന്നെ ഡിസൈന്‍ പൂര്‍ത്തിയാക്കുമെന്ന് കിഫ്ബി അറിയിച്ചു.  പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും മേല്‍നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. മണ്ണ് നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കലക്ടര്‍ എസ്‌  പ്രേംകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ ശ്രീലത, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍ കുമാര്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എൻജിനീയര്‍ പി കെ അനില്‍ കുമാര്‍, കിഫ്ബി എല്‍എ സ്‌പെഷ്യല്‍ തഹല്‍സിദാര്‍ ആനന്ദ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ഊരാളുങ്കല്‍ സൊസൈറ്റി, കെആര്‍എഫ്ബി  ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News