നാടും മനവും സുന്ദരമാക്കാം
പത്തനംതിട്ട മാലിന്യം ഒരു ധനോല്‍പ്പാദന വസ്തുവാക്കി മാറ്റുക എന്ന പ്രവർത്തിക്ക് കൂടി പ്രാധാന്യം കൊടുത്ത് മാലിന്യമുക്ത നവ കേരളത്തിന് രണ്ടിന് ജില്ലയിലും തുടക്കമാകും. നിലവിലെ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതോടൊപ്പം അടിസ്ഥാനപരമായി ജനങ്ങളുടെ മനോഭാവം മാറ്റുക എന്നതിനും പ്രധാന്യമേകുന്ന പ്രവര്‍ത്തനമാണ് നടക്കുക. ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപമായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിവിധ പദ്ധതിക്ക് തുടക്കം കുറിക്കും. മാലിന്യ ശേഖരണത്തിന് എംസിഎഫുകൾ ഇല്ലാത്തിടത്ത് പുതുതായി സ്ഥാപിക്കാനും 100 ശതമാനം വാതിൽപ്പടി ശേഖരണം ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങളെ അതിലേക്ക് ഉയർത്തുക, സംവിധാനങ്ങളുടെ ആധുനികവൽക്കരണം, ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാവുന്ന മേഖലയില്‍ അവ സ്ഥാപിക്കുക, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തടസ്സം കൂടാതെ നിരന്തരമായി നടക്കുന്നതാക്കുക, മാലിന്യ സംസ്കരണം ആകർഷകമായ ഒരു തൊഴിൽ മേഖലയാക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ രണ്ടിന് ഗോബര്‍ദ്ധന്‍ ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്യും. നഗരസഭകളില്‍ പത്തനംതിട്ടയില്‍ പുതിയ എംസിഎഫ്, പന്തളത്ത് മുട്ടാര്‍ നീര്‍ച്ചാല്‍ ശുചീകരണം, തിരുവല്ല നഗരസഭയില്‍ രാമപുരം ഹരിതമാര്‍ക്കറ്റാക്കുന്നതിന്റെയും അടൂരില്‍ എംസിഎഫില്‍ ബെയ്ലിങ് യന്ത്രം സ്ഥാപിക്കുന്നതും അന്ന് ഉദഘാടനം ചെയ്യും. ഡിസംബറിനകം 100 ശതമാനം വാതില്‍പ്പടി ശേഖരണം ഉറപ്പാക്കുക, ഇതിന് ആനുപാതികമായി മിനി എംസിഎഫ്, എംസിഎഫ് തുടങ്ങിയ സംവിധാനങ്ങൾ ഉറപ്പാക്കുക, ഒക്ടോബർ 30നകം ഹരിത കർമ്മ സേനയുടെ ശാക്തീകരണം, നവംബർ 30ന് മുമ്പ് എല്ലാ തദ്ദേശസ്ഥാപനത്തിലും തെരുവുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഓഡിറ്റോറിയങ്ങൾ തുടങ്ങി ആളുകൾ കൂടിചേരുന്ന ഇടങ്ങളിലെല്ലാം വേസ്റ്റ് ബിന്നുകൾ ഉറപ്പാക്കും. അടുത്തവർഷം ജനുവരി 30ന് മുമ്പ് പ്രധാന കേന്ദ്രങ്ങളിൽ എല്ലാം ക്യാമറ നിരീക്ഷണം ഉറപ്പാക്കും. ഫെബ്രുവരി 28ന് മുമ്പ് വിനോദസഞ്ചാര മേഖലകളിലെ ശുചിത്വ ലക്ഷ്യം കൈവരിക്കും. ഈ വർഷം തന്നെ സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ സമ്പൂർണ ശുചിത്വം ഉറപ്പാക്കുന്നതും ഇത്തവണത്തെ മാലിന്യമുക്ത പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു. Read on deshabhimani.com