പരുമല പെരുന്നാൾ : ക്രമീകരണം കുറ്റമറ്റതാക്കും
പത്തനംതിട്ട പരുമല തിരുമേനിയുടെ 122–--ാം ഓർമപ്പെരുനാളിനോടനുബന്ധിച്ച് സർക്കാർ വിവിധ വകുപ്പുകളുടെ ഏകോപനവും ക്രമീകരണങ്ങളും സംബന്ധിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലാ വകുപ്പു മേധാവികളുടെ അവലോകന യോഗം പരുമല സെമിനാരിയിൽ ചേർന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുന്നാളിന് ഈ വർഷം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്താൻ പാടില്ലെന്ന് യോഗത്തിൽ അധ്യക്ഷനായ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. പെരുന്നാൾ ദിനങ്ങളിൽ വിവിധ ഡിപ്പോകളിൽനിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ളം വിതരണം നടത്തും. റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കും. വഴിവിളക്കുകൾ പ്രകാശിപ്പിക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും പെരുന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക പൊലീസ് കൺട്രോൾ റൂം സ്ഥാപിക്കുന്നതിനും തീരുമാനമായി. ആരോഗ്യവകുപ്പ് ആംബുലൻസ് സേവനം ഒരുക്കുകയും പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കും. പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ, ആലപ്പുഴ കലക്ടർ അലക്സ് വർഗീസ് , പത്തനംതിട്ട അഡീഷണൽ എസ് പി ആർ ബിനു, തിരുവല്ലാ സബ് കലക്ടർ സുമിത് കുമാർ താക്കൂർ , തിരുവല്ലാ ഡിവൈഎസ്പി എസ് അഷാദ്, പത്തനംതിട്ട ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. കെ വി പോൾ റമ്പാൻ, സഭാ ട്രസ്റ്റിമാരായ ഫാ. ഡോ.തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് മേധാവികൾ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com