പക്കാ ഒറിജിനൽ കൈ



 പത്തനംതിട്ട അപകടങ്ങളിലും മറ്റും കൈകാലുകൾ നഷ്‌ടമാകുന്നവർക്ക്‌ കൃത്രിമ അവയവങ്ങൾ ഏറെ ആശ്വാസം. ഇവയ്‌ക്കായി ചെലവാകുന്ന തുക പലപ്പോഴും താങ്ങാവുന്നതിലും അധികം. ഈ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്‌ പ്രമാടം നേതാജി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥികളായ ബാസിം ഹസ്സനും എസ് അദ്വൈതും. കുറഞ്ഞ ചെലവിൽ നിർമിച്ച കൃത്രിമ കൈയുമായാണ്‌ ഇരുവരും ശാസ്‌ത്രമേളയിലെത്തിയത്‌. പേശികൾ വലിയുന്നതും അയയുന്നതും സെൻസർ വഴി മനസ്സിലാക്കി ചലിക്കുന്ന വിരലുകളോട്‌ കൂടിയ കൈയാണ്‌ ഇവർ തയ്യാറാക്കിയത്‌. മേളയിൽ മൂന്നാം സ്ഥാനവും ഇവർക്കുണ്ട്‌. എബിഎസ് ഫിലമെന്റുപയോഗിച്ച്‌ സോഫ്റ്റ്‌വെയർ സഹായത്തോടെയാണ് നിർമാണം. കൈയുടെ അളവനുസരിച്ച്‌ നിർമിക്കാനാകും. സെൻസർ സജ്ജീകരണമുണ്ട്‌. ഉപയോഗമനുസരിച്ച് റീച്ചാർജ് ചെയ്യാം. കൈയുപയോഗിച്ച് സാധാരണ ചെയ്യാനാവുന്നത് പോലെ ഈ കൃത്രിമ കൈയും ഉപകരിക്കുമെന്ന് ഇവർ പറയുന്നു. അധ്യാപകരായ ഗൗതം സുരേഷും ജെ വിഷ്‌ണുലാലും ഇവർക്കൊപ്പമുണ്ട്‌. കേരള സ്റ്റാർട്ടപ്പ്‌ മിഷനിലേക്ക്‌ ഇവരുടെ ആശയം കൈമാറാനുള്ള ശ്രമത്തിലാണ്‌ ഇരുവരും. Read on deshabhimani.com

Related News