ഭർത്താവിനെതിരെ കേസ്‌



 പന്തളം  മങ്ങാരം ആശാരി അയ്യത്ത് പടിഞ്ഞാറ്റിയതിൽ എ ബി സുധീറുള്ള ഖാന്റെ ഭാര്യ ഫാത്തിമ സുധീറിന്റെ (38) മരണത്തിൽ ഭർത്താവിനെതിരെ കേസ്‌. മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കും പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ സഹോദരൻ പന്തളം ചേരിക്കൽ അഫ്സാന മൻസിലിൽ അബ്ദുൽ കലാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പന്തളം പൊലീസ് കേസെടുത്തത്. ജൂലൈ ഏഴിന് ഉച്ചയോടെ ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ പമ്പയാറ്റിൽ ചാടി മരിച്ച ഫാത്തിമയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടാണ് സഹോദരൻ അബ്ദുൽ കലാം പൊലീസിനെ സമീപിച്ചത്. ആറ്റിൽ ചാടിയ ഫാത്തിമയുടെ മൃതദേഹം നാല് ദിവസത്തിനുശേഷം ബുധനാഴ്ച ഉച്ചയോടെ വീയപുരത്തിന്‌ സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ മെഡിക്കൽ മിഷൻ ജങ്‌ഷന് സമീപത്തുള്ള ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഫാത്തിമ വിവാഹത്തിന് കാറ്ററിങ്‌ നടത്തുകയായിരുന്ന ഭർത്താവ് സുധീറുമായി തർക്കത്തിലേർപ്പെട്ടതായി പരാതിയിൽ പറയുന്നു. തുടർന്ന്  സ്കൂട്ടറുമായി ഫാത്തിമ ചെങ്ങന്നൂർ കല്ലശ്ശേരിയിലെ പാലത്തിന് സമീപമെത്തി സ്കൂട്ടറും ബാഗും വെച്ച ശേഷം പമ്പയാറ്റിൽ ചാടുകയായിരുന്നു. 
നാല് ദിവസത്തെ തുടർച്ചയായ തെരച്ചിലിന് ശേഷം ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി. 
യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത് ഭർത്താവ് സുധീറിന്റെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണെന്നും സുധീറിന്റെ അമ്മ ഹൌലത്ത് ബീബി നിരന്തരം സാമ്പത്തിക ഇടപാടിന്റെ പേരിൽ ഫാത്തിമയുമായി വഴക്ക് കൂടാറുണ്ടെന്നും അബ്ദുൽ കലാം പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.  ജില്ലാ പൊലീസ് ചീഫിന്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മരിച്ച ഫാത്തിമയുടെ ഫോണിൽ മരണത്തിനിടയാക്കിയ നിർണായക തെളിവുണ്ടെന്നും അതും പരിശോധിക്കണമെന്നും അബ്ദുൽ കലാം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. Read on deshabhimani.com

Related News