മരണപ്പുഴയെ നീന്തിത്തോൽപ്പിച്ച് ജീവിതത്തിലേക്ക് ; അവിശ്വസനീയ രക്ഷപ്പെടൽ
മേപ്പാടി ദുരിതാശ്വാസക്യാമ്പിൽ കട്ടിലിന് മുകളിൽ ഞാത്തിയിട്ട തുണിത്തൊട്ടിലിൽ അൻസിൽ നിയാസ് ശാന്തനായി ഉറങ്ങുന്നുണ്ട്. മരണമുനമ്പിൽനിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയവൻ. താരാട്ടുപാടേണ്ട ഉമ്മ റംഷീനയും വല്യുമ്മ കദീജയും ഹൃദയം തകർന്ന് അരികിലുണ്ട്. വല്യുപ്പ മൊയ്തു പരിക്കേറ്റ് നീരുവന്ന കാലുകൾ കെട്ടിവച്ച് കട്ടിലിലുണ്ട്. വീട്ടിൽ കഴുത്തൊപ്പം വെള്ളംനിറഞ്ഞപ്പോൾ എട്ടുമാസമായ നിയാസിനെ തലയ്ക്കുമീതെ ഉയർത്തിപ്പിടിച്ചായിരുന്നു അവിശ്വസനീയ രക്ഷപ്പെടൽ. വെള്ളം ഇരച്ചുകയറിയപ്പോൾ കുഞ്ഞുമായി റംഷീനയും മൊയ്തുവും കട്ടിലിൽ കയറിനിന്നു. വെള്ളംകൂടിയതോടെ കട്ടിൽ ഉയർന്നു. ഫാനിൽ പിടുത്തം കിട്ടിയ മൊയ്തു തൂങ്ങിയാടി വാതിലിന്റെ കൊളുത്തൂരി കുഞ്ഞുമായി താഴേക്ക് ചാടി. നിലത്ത് ചവിട്ടുമ്പോൾ വെള്ളം കഴുത്തൊപ്പം. ‘മരണം ഉറപ്പിച്ചതായിരുന്നു. ഫോണിൽ ഉമ്മയെ വിളിച്ചു. വീട്ടിൽ വെള്ളമാണെന്ന് പറഞ്ഞതോടെ കട്ടായി. ജമ്മുകശ്മീരിൽ സൈനികനായ ഭർത്താവ് ഹാഷിമിനേയും വിളിച്ചെങ്കിലും കിട്ടിയില്ല'–- - നെഞ്ചുലഞ്ഞ് റംഷീന പറഞ്ഞു. മൊബൈൽ വെട്ടത്തിൽ ചൂരൽമല ടൗണിലെത്തിയപ്പോൾ ആരൊക്കെയോ ക്രിസ്ത്യൻ പള്ളിയിലെത്തിച്ചു. ഉറ്റവരത്രയും വേരുകളോടെ നഷ്ടമായതിന്റെ നീറ്റലും ഉൾക്കിടലവും അവരിലിപ്പോഴും ബാക്കിയുണ്ട്. കദീജയുടെ അനുജത്തി മറിയവും രണ്ട് മക്കളും മരുമക്കളും കുഞ്ഞുങ്ങളും മരണപ്പുഴയിലൊഴുകിപ്പോയി. കുടുംബത്തിലെ 11 പേരെ ഉരുളെടുത്തു. ഒരുകുട്ടിയുടെ മൃതദേഹം കിട്ടിയെങ്കിലും അവസാനമായി കാണാനും കദീജയ്ക്കായില്ല. കോഴിക്കോട്ട് ചികിത്സയിലായിരുന്ന മൂത്ത മകൾക്കൊപ്പമായിരുന്നു അവർ. നാടില്ലാതായതറിഞ്ഞ് ഓടിയെത്തുമ്പോഴേക്കും സംസ്കാരം കഴിഞ്ഞു. മേപ്പാടിയെത്തിയപ്പോഴാണ് ഉറ്റവരെല്ലാം നഷ്ടമായെന്നറിയുന്നത്. Read on deshabhimani.com