കെട്ടിട വാടകയ്ക്ക്‌ ജിഎസ്‌ടി ; ഹോട്ടൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്‌



കൊച്ചി കെട്ടിടവാടകയുടെ ജിഎസ്ടി ഉടമ അടയ്ക്കാതിരുന്നാൽ വ്യാപാരി നൽകണമെന്ന കേന്ദ്രനികുതി നിബന്ധനയ്‌ക്കെതിരെ സമരം നടത്തുമെന്ന്‌ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12ന് ജില്ലാ അടിസ്ഥാനത്തിൽ ജിഎസ്ടി ഓഫീസ് മാർച്ച് നടത്തും. പുതിയ ഉത്തരവുപ്രകാരം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓരോ ഹോട്ടലുടമയും 18 ശതമാനം ജിഎസ്‌ടി അധികം അടയ്ക്കണം. അധികബാധ്യത ഇൻപുട്ട്‌ ടാക്സിലൂടെ തിരികെ ലഭിക്കുമെന്നാണ്‌ കേന്ദ്രത്തിന്റെ വാദം. എന്നാൽ, ഹോട്ടൽമേഖലയ്ക്ക്‌ ഇൻപുട്ട്‌ ടാക്സ്‌ ഇല്ല. എംഎസ്എംഇയ്‌ക്കുകീഴിൽ വരുന്ന സ്ഥാപനങ്ങൾക്ക് ഒരു ശതമാനമാണ് കേന്ദ്രനികുതി. ഹോട്ടലുകൾ അഞ്ച്‌ ശതമാനം നികുതി നൽകണം. ഇതിനുപുറമെ 18 ശതമാനം അധികബാധ്യതകൂടി ഹോട്ടലുകൾക്കുമേൽ ചുമത്തപ്പെടുമെന്നും കെഎച്ച്‌ആർഎ ആരോപിച്ചു. ഏഴിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന രാജ്ഭവൻ മാർച്ചിന് പിന്തുണ നൽകുമെന്നും ഡിസംബറിൽ കെഎച്ച്‌ആർഎ പാർലമെന്റ് മാർച്ച്‌ നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ പറഞ്ഞു. സംസ്ഥാന ട്രഷറർ മുഹമ്മദ് ശരീഫ്, അസീസ് മൂസ, വി ടി ഹരിഹരൻ, ടി ജെ മനോഹരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News