ക്രിമിനലുകൾ നയിക്കും ; മുസ്ലിംലീഗ് ഭാരവാഹികളിൽ സ്‌ത്രീപീഡകരും പോക്‌സോ പ്രതികളും
കൊച്ചി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച, എറണാകുളം ജില്ലയിലെ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളിൽ പോക്സോ, ചീട്ടുകളി, പണംതട്ടിപ്പ്, സ്ത്രീപീഡനകേസ് പ്രതികളും. ഒന്നരവർഷംമുമ്പ് മരിച്ചയാളും പട്ടികയിലുണ്ട്. കഴിഞ്ഞദിവസം ലീഗ് മുഖപത്രത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നയിക്കുന്ന ജില്ലയിലെ ഔദ്യോഗികപക്ഷം വിമതവിഭാഗത്തിൽനിന്ന് പിടിച്ചെടുത്ത കമ്മിറ്റികളിലെ ഭാരവാഹികളാണിവർ. ലീഗ് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശപ്രകാരമാണ് ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി നിയോഗിച്ചതെന്ന് വാർത്തയിൽ പറയുന്നു. ഇതിൽ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരിൽ ഒരാളായ എ കെ ഷാജഹാൻ കുറുപ്പംപടി സ്‌റ്റേഷൻ പരിധിയിൽ പോക്‌സോ കേസിൽ പ്രതിയാണ്. ചീട്ടുകളി, പണംതട്ടിപ്പ് കേസുകളിൽ കോതമംഗലം സ്റ്റേഷനിലും കേസുണ്ട്. കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ എം അലിയാർ, സ്ത്രീപീഡന കേസിൽ ജാമ്യത്തിലാണ്. പ്രതിയായതോടെ ഗൾഫിലേക്ക് മുങ്ങിയ ഇയാളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് നിരവധി സമരവും നടന്നിരുന്നു. കേസിനെ തുടർന്ന് ലീഗിൽനിന്ന് സസ്‌പെൻഡ് ചെയ്‌തെങ്കിലും തിരിച്ചെടുത്തിട്ടില്ല. യൂത്ത് ലീഗ് ഭാരവാഹിയായിരിക്കെ ഒന്നരവർഷംമുമ്പ് മരിച്ച എൻ കെ നസീറാണ് കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്. അയൽവാസിയായ സ്ത്രീയെ അപമാനിച്ചതിന് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ എം ഷംസുദീനെതിരെ കോതമംഗലം സ്റ്റേഷനിൽ കേസുണ്ട്. കെഎംസിസിയുടെ ഫണ്ട് തട്ടിയയാളാണ് പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി. വൈപ്പിൻ മണ്ഡലം ട്രഷറർ ഇബ്രാഹിം, സ്കൂൾകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ ഒമ്പതുമാസം ജയിലിലായിരുന്നു. ഔദ്യോഗിക നേതൃത്വത്തിന് പ്രിയങ്കരനായ നേതാവിന്റെ ബന്ധുക്കൾക്കും സ്ഥാനമാനങ്ങൾ വാരിക്കോരി നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കവലയുടെ സഹോദരീപുത്രനാണ് കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ്. മറ്റൊരു സഹോദരീപുത്രനാണ് പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്. Read on deshabhimani.com