ഗവര്‍ണര്‍ ഉദ്ഘാടകനായ സംസ്കൃത സെമിനാര്‍ ; പുറത്തുനിന്ന് ആളെയിറക്കി സംഘാടകര്‍
തിരുവനന്തപുരം കേരള സർവകലാശാലയിലെ സംസ്കൃതവിഭാഗം സംഘടിപ്പിച്ച ‘ആഗോള പ്രശ്നങ്ങളും സംസ്കൃത വിജ്ഞാനധാരയും’ എന്ന സെമിനാർ കൊഴുപ്പിക്കാൻ പുറത്തുനിന്ന് ആളെയെത്തിച്ച് സംഘാടകർ. സംസ്കൃതവുമായി യാതൊരു ബന്ധവുമില്ലാത്ത ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളെയാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്ഘാടകനായെത്തിയ പരിപാടിക്ക് എത്തിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന നഴ്സിങ് വിദ്യാർഥികൾ, എംബിബിഎസ് വിദ്യാർഥികൾ എന്നിവരെയാണ് സെനറ്റ് ഹാൾ നിറയ്ക്കാനുള്ള ക്വട്ടേഷന്റെ ഭാഗമായി എത്തിച്ചത്. ശാസ്തമംഗലം ശ്രീശാരദ കോളേജിൽനിന്നാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും. കോളേജ് ബസിലാണ് അധ്യാപകരും വിദ്യാർഥികളും സെമിനാറിലേക്ക് എത്തിയത്. സംസ്കൃ-തവുമായി യാതൊരു ബന്ധവുമില്ലെന്ന് വിദ്യാർഥികൾതന്നെ മാധ്യമപ്രവർത്തകരോട് തുറന്നുസമ്മതിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു. സെമിനാർ വേദിയായ സെനറ്റ് ഹാളിന്റെ തൊട്ടടുത്ത് സംസ്കൃത കോളേജും കാലടി സംസ്കൃത സർവകലാശാലയുടെ ഉപകേന്ദ്രവും പ്രവർത്തിക്കുമ്പോഴാണ് ഇത്തരത്തിൽ മെഡിക്കൽ വിദ്യാർഥികളെ എത്തിക്കേണ്ട അവസ്ഥ വന്നത്. കേരള സർവകലാശാലയുടെ ചുമതലക്കാരനായ ഡോ. മോഹനൻ കുന്നുമ്മൽ ആരോഗ്യസർവകലാശാല വിസി കൂടി ആയതിനാലാണ് സ്വാശ്രയ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ സെമിനാറിന്റെ ഭാഗമായതെന്ന് ആക്ഷേപമുണ്ട്. സംഘപരിവാർ അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സെമിനാറിൽനിന്ന് കേരള സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും പൂർണമായും വിട്ടുനിന്നിരുന്നു. ചടങ്ങിലേക്ക് ഗവർണറെ ക്ഷണിച്ചതാകട്ടെ സർവകലാശാല സിൻഡിക്കറ്റിലെ സംഘപരിവാർ അനുകൂലികളായ മൂന്നുപേരെ മാത്രം അറിയിച്ചായിരുന്നു. Read on deshabhimani.com