വെള്ളനാട് ഡിവിഷനിൽ എൽഡിഎഫിന് മിന്നുംവിജയം
വിളപ്പിൽ ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വെള്ളനാട് ശശിക്ക് മികച്ച വിജയം. 1143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയം. എൽഡിഎഫ് സ്ഥാനാർഥി വെള്ളനാട് ശശിക്ക് 15,356 വോട്ടും യുഡിഎഫ് സ്ഥാനാർഥി വി ആർ പ്രതാപന് 14,213 വോട്ടും എൻഡിഎ സ്ഥാനാർഥി മുളയറ രതീഷിന് 7013 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥി വെമ്പായം ശശിക്ക് 247 വോട്ടും ലഭിച്ചു. വെള്ളനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗവുമായിരുന്ന വെള്ളനാട് ശശി കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിന്നാലെ ജില്ലാ പഞ്ചായത്തംഗം സ്ഥാനം രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരമാണ് നടത്തിയിരുന്നതെങ്കിലും എൽഡിഎഫും യുഡിഎഫും തമ്മിലായിരുന്നു പ്രധാന മത്സരം. ആദ്യ ബൂത്തുകളിൽ മാത്രമാണ് യുഡിഎഫ് ലീഡ് നേടിയത്. തുടർന്ന് ഓരോ ബൂത്തുകളിലും ശശിക്കാണ് ഭൂരിപക്ഷം. യുഡിഎഫിന് മുൻതൂക്കമുള്ള വെള്ളനാട് പഞ്ചായത്തിലും എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചു. വെള്ളനാട് പഞ്ചായത്ത് ഭരണസമിതി യുഡിഎഫ് ആണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫിന് മികച്ച വിജയം നേടാൻ കഴിഞ്ഞത് എൽഡിഎഫ് പ്രവർത്തകരിൽ മികച്ച ആത്മവിശ്വാസം നൽകുന്നു. Read on deshabhimani.com