സംശയിക്കുന്നവരിലും 
പരിശോധന വേണം



തിരുവനന്തപുരം മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ഉണ്ടോയെന്ന പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജിന്റെ നിർദേശം. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകൾ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആഗോളതലത്തിൽ 70 ശതമാനംവരെ കേസുകളിൽ സ്ഥിരീകരണം ഉണ്ടാകാറില്ലെന്നത്‌ കണ്ടാണ്‌ നടപടി. തിങ്കളാഴ്ച ചേർന്ന സംസ്ഥാന ദ്രുതകർമസേന യോഗത്തിലാണ്‌ നിർദേശം.  അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കുള്ള മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേർ രോഗമുക്തരായി. ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ള രോഗത്തിന്‌ കേരളത്തിൽ 26 ശതമാനം മാത്രമാണുള്ളത്‌.  വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചിരുന്നു.  ഇതിന്റെ ആദ്യപടിയായി കേരളത്തിലെയും ഐസിഎംആർ, ഐഎവി, പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട്‌ സാങ്കേതികസമിതി സംഘടിപ്പിച്ച്‌ തുടർനടപടികളും സ്വീകരിച്ചു.  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ നാലുപേരാണ്‌ ചികിത്സയിലുള്ളത്‌. മന്ത്രി അധ്യക്ഷയായ യോഗത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വകുപ്പ് വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർആർടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News